ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്ത് അത്യധ്വാനം ചെയ്യുന്ന ബി.ജെ.പിയെ വെല്ലാൻ കുറുക്കുവഴികളൊന്നും ഇല്ലെന്ന പാഠമാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നത്.
ഒപ്പം ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിന് മൃദുഹിന്ദുത്വം മറുമരുന്നാണെന്ന ചില പ്രതിപക്ഷ നേതാക്കളുടെ ധാരണയെ തെലങ്കാനയിലെ കോൺഗ്രസ് ജയവും മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പരാജയവും പൊളിക്കുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ സർവസജ്ജമാണെന്ന് ഈ ഫലങ്ങളിലൂടെ ബി.ജെ.പി തെളിയിക്കുമ്പോൾ അതിനുള്ള തന്ത്രങ്ങളും കർമപരിപാടികളും ഇനിയും ആവിഷ്കരിച്ചിട്ട് വേണമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം കാണിച്ചുതന്നത്.
മധ്യപ്രദേശിലും ഛത്തിസ്ഗഢിലും വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു ന്യൂഡൽഹിയിലെ കേന്ദ്ര ആസ്ഥാനത്ത് ബി.ജെ.പി നടത്താറുള്ള മാധ്യമപ്രവർത്തകർക്ക് മാത്രമായുള്ള ദീപാവലി ആഘോഷം. അവിടെ മോദിയെയും അമിത് ഷായെയും കണ്ടപ്പോൾ മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നത് അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമായിരുന്നു.
മധ്യപ്രദേശിലും ഛത്തിസ്ഗഢിലും വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അമിത് ഷായോട് മാധ്യമപ്രവർത്തകർ ചോദിച്ചു. കോൺഗ്രസിന്റെ ആത്മവിശ്വാസം അതിരുകടന്നത് തങ്ങൾക്ക് രക്ഷയായെന്നും അത് രണ്ടിടത്തല്ല, മൂന്നിടത്തും ബി.ജെ.പിക്ക് അനായാസ വിജയം സമ്മാനിക്കുമെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.
മണ്ണിലിറങ്ങി പണിയെടുക്കാതെ സമൂഹ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുന്ന ഓളങ്ങൾകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്നതിന്റെയും തെളിവാണ് ഫലങ്ങൾ. ഏറെ കടുപ്പമേറിയ തെലങ്കാന അത്യധ്വാനത്തിലൂടെ കോൺഗ്രസിന് നേടിക്കൊടുത്ത പോലെയാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഢും ബി.ജെ.പി ജയിച്ചതും. വിജയസാധ്യത വെച്ച് വളരെ പിന്നിൽ നിന്നിടത്തുനിന്നാണ് ബി.ജെ.പി മൂന്നിടത്തും കോൺഗ്രസ് ഒരിടത്തും അനായാസം ജയിച്ചുകയറുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പ് നേരിടാൻ 27 പാർട്ടികളുടെ ഇൻഡ്യ സഖ്യം ഉണ്ടാക്കിയശേഷം വന്ന നിയമസഭ തെരഞ്ഞെടുപ്പായിരുന്നു ഇത്. 2024ലെ ഫൈനലിലേക്കുള്ള സെമിഫൈനൽ ആണെന്ന നിലക്കാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ എടുത്തതും. എന്നാൽ ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ മതി, തങ്ങളുടെ സംസ്ഥാനങ്ങളിൽ വേണ്ട എന്ന് കമൽനാഥും അശോക് ഗെഹ്ലോട്ടും ഭൂപേഷ് ബാഗലും തീരുമാനിച്ചു.
ഈ തീരുമാനം കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം അംഗീകരിച്ചതോടെ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമായി. ഇതിനെ പരസ്യമായി ചോദ്യംചെയ്ത് അഖിലേഷ് യാദവിനെ പോലുള്ളവർ രംഗത്തുവന്നിട്ടും കോൺഗ്രസിന്റെ ‘മുഖ്യമന്ത്രി’ മുഖങ്ങൾ വിട്ടുവീഴ്ചക്ക് തയാറായില്ല.
ബി.ജെ.പിയുടെ മതധ്രുവീകരണം ജാതി ധ്രുവീകരണത്തിലൂടെ തടയാനായി രാഹുൽ ഗാന്ധി കോൺഗ്രസിനകത്തും ഇൻഡ്യ സഖ്യത്തിലും വളരെ പണിപ്പെട്ട അജണ്ടയാക്കി കൊണ്ടുവന്ന ഒന്നായിരുന്നു ജാതി സെൻസസ്. ഒ.ബി.സി വോട്ടർമാരെ തങ്ങളിൽ നിന്നടർത്താനുള്ള കോൺഗ്രസ് നീക്കത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും രംഗത്തിറങ്ങി.
എന്നാൽ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാഹുൽ പ്രസംഗിച്ചതല്ലാതെ ഇതൊരു തെരഞ്ഞെടുപ്പ് ചർച്ചയാക്കി താഴേത്തട്ടിലെത്തിക്കാൻ ‘മുഖ്യമന്ത്രി’ മുഖങ്ങളോ സംസ്ഥാന നേതാക്കളോ തയാറായില്ല. 2024ലേക്ക് തങ്ങൾ കരുതിവെച്ച ജാതി സെൻസസ് അജണ്ടയോട് ജനം എങ്ങനെ പ്രതികരിക്കും എന്നുനോക്കാൻ പോലും പ്രതിപക്ഷത്തിനായില്ല.
സ്വന്തം അജണ്ട കോൺഗ്രസ് മാറ്റിവെച്ചപ്പോൾ നേരത്തേ പറഞ്ഞതത്രയും വിഴുങ്ങി കോൺഗ്രസിന്റെ തന്ത്രം സ്വന്തമാക്കാൻ ബി.ജെ.പിക്ക് ഒരു മടിയുമുണ്ടായില്ല. കോൺഗ്രസിന്റെ സൗജന്യങ്ങളെ അപ്പടി കോപ്പിയടിച്ച് അതിനേക്കാൾ ഗംഭീരമായി അവതരിപ്പിക്കാൻ ബി.ജെ.പി തയാറായി. ആ അർഥത്തിൽ ബി.ജെ.പിയുടെ അജണ്ട നിർണയിച്ചത് കോൺഗ്രസാണെന്ന് പറയാം.
തെരഞ്ഞെടുപ്പ് സൗജന്യങ്ങൾ അപകടകരമാണെന്ന മുന്നറിയിപ്പ് നൽകിയ അതേ പ്രധാനമന്ത്രി സൗജന്യങ്ങൾ ഉറപ്പുകളായി അവതരിപ്പിച്ച കോൺഗ്രസിനെ സൗജന്യങ്ങൾകൊണ്ട് എതിരിട്ടു. കോൺഗ്രസിന്റെ ‘ഉറപ്പു’കളേക്കാൾ മികച്ചത് ബി.ജെ.പിയുടെ ‘ഉറപ്പു’കളാണെന്നുവരെ പ്രധാനമന്ത്രിക്ക് പറയേണ്ടിവന്നു. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി.ജെ.പി ജയിച്ചത് ഈ സൗജന്യമത്സരത്തിൽ കൂടിയാണ്.
രാമക്ഷേത്ര പ്രസ്ഥാനത്തിലൂടെ തീവ്ര ഹിന്ദുത്വത്തിന് മേൽവിലാസമുണ്ടാക്കിയ ബി.ജെ.പിക്ക് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും അത് മുഖ്യ പ്രചാരണായുധമാക്കാൻ പ്രേരണ നൽകുന്നതാണ് ഈ ഫലം. അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പിയുടെ ഭരണനേട്ടമായി അവതരിപ്പിച്ച് മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലും ആർ.എസ്.എസ് ഇറങ്ങി. ഇതിനായി സ്വയം സേവകരെയും ബി.ജെ.പി നേതാക്കളെയും ‘പ്രഭാരി’കൾ പ്രത്യേകം വിളിച്ചുകൂട്ടി.
തെരഞ്ഞെടുപ്പ് ഇസ്രായേൽ-ഹമാസ് യുദ്ധമാക്കി മാറ്റിയും കോൺഗ്രസിനെ മുസ്ലിം പാർട്ടിയാക്കിയും ധ്രുവീകരണത്തിന്റെ തീവ്രഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോയ ബി.ജെ.പി, ഗോത്രമേഖലകളിൽ കൃസ്ത്യൻ മതപരിവർത്തന വിഷയമെടുത്തിട്ട് ആദിവാസികളെയും കൂടെനിർത്തി. മൃദുഹിന്ദുത്വം കൊണ്ട് നേരിടാമെന്നായിരുന്നു മധ്യപ്രദേശിൽ കമൽനാഥിന്റെയും ഛത്തിസ്ഗഢിൽ ബാഗലിന്റെയും കണക്കുകൂട്ടൽ.
വർഗീയ രാഷ്ട്രീയത്തിനെതിരെ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി താണ്ടി രാഹുൽ ഗാന്ധി പഠിപ്പിച്ച ‘ഭാരത് ജോഡോ’ കൈവിട്ടായിരുന്നു ഇക്കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.