ഭോപാൽ: ബി.ജെ.പിയും കോൺഗ്രസും വാശിയേറിയ പോരാട്ടം നടന്ന മധ്യപ്രദേശിൽ പതിവില്ലാത്തവിധം തകർപ്പൻ പോളിങ്. 230 മണ്ഡലങ്ങളിലെ അവസാനകണക്കിൽ 77.15 ശതമാനമാണ് പോളിങ്. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയർന്ന പോളിങ് ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 1.52 ശതമാനമാണ് ഉയർന്നത്. പുരുഷന്മാരിൽ 78.21 ശതമാനവും സ്ത്രീകളിൽ 76.03 ശതമാനവും പേർ വോട്ട് ചെയ്തു.
പോളിങ് ശതമാനമുയർന്നത് ആരെ തുണക്കുമെന്നതാണ് സംസ്ഥാനം കാത്തിരിക്കുന്നത്. പ്രവചനവിദഗ്ധരും ആശയക്കുഴപ്പത്തിലാണ്. വർഷങ്ങളായി ബി.ജെ.പിയുടെ ഭരണം കണ്ടും അനുഭവിച്ചും മടുത്ത ജനം ആവേശത്തോടെയെത്തി വോട്ട് ചെയ്തെന്നാണ് കോൺഗ്രസ് ക്യാമ്പുകൾ വിശ്വസിക്കുന്നത്. ഉയർന്ന പോളിങ് ശതമാനം കോൺഗ്രസിന് അനുകൂലമാകുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
എന്നാൽ, പോളിങ് ശതമാനം കൂടിയപ്പോൾ 2003ലും 2008ലും 2013ലും ബി.ജെ.പി ഭരണത്തിലെത്തിയ ചരിത്രവുമുണ്ട്. എന്നാൽ, 2008ൽ 3.5 ശതമാനമായി ഉയർന്നപ്പോൾ കോൺഗ്രസ് തിരിച്ചുവന്നതായിരുന്നു ചരിത്രം. സ്ത്രീകൾക്ക് വേണ്ടി ബി.ജെ.പി മുന്നോട്ടുവെച്ച വാഗ്ദാനം സ്വാധീനം ചെലുത്തിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുരുഷ വോട്ടർമാരേക്കാൾ രണ്ട് ശതമാനം കുറവാണ് ഇത്തവണ വോട്ട് ചെയ്ത സ്ത്രീവോട്ടർമാർ. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും എം.പിമാരും മത്സരിച്ച മണ്ഡലങ്ങളിൽ വോട്ട് ശതമാനത്തിൽ കുതിപ്പുണ്ട്. ജനത്തിന്റെ പ്രതികാര വോട്ടുകളാണിതെന്ന അഭിപ്രായവുമുയരുന്നുണ്ട്.
ഒന്നും പറയാനാവാത്ത സ്ഥിതിയാണെന്നും വോട്ടർമാരുടെ മനസ്സ് എങ്ങോട്ടാണെന്ന് വ്യക്തമല്ലെന്നും രാഷ്ട്രീയനിരീക്ഷകനായ ഗിരിജ ശങ്കർ പറഞ്ഞു. ഭരണവിരുദ്ധ വികാരമോ ഭരണാനുകൂല വികാരമോ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കോ പ്രചാരണത്തിൽ പ്രതിഫലനമുണ്ടാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഭേദമില്ലാതെ, മികച്ച സ്ഥാനാർഥികൾ ജയിക്കും. 2018ൽ 75.63 ശതമാനമായിരുന്നു പോളിങ്. ബി.ജെ.പി 41.02ഉം കോൺഗ്രസ് 40.89ഉം ശതമാനം വോട്ടാണ് കഴിഞ്ഞ തവണ നേടിയത്. ബി.എസ്.പിക്ക് 10.83 ശതമാനം വോട്ടുണ്ടായിരുന്നു. എന്നാൽ, അഞ്ച് സീറ്റുകൾ കോൺഗ്രസിന് കൂടുതലായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.