മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് പേരു കേട്ട, കാങ്കർ കടുവ സങ്കേതത്തോട് ചേർന്നുള്ള സുകമ ജില്ലയിലെ കൊണ്ട മണ്ഡലം ഒരിക്കലും കവാസി ലക്മ എന്ന കോൺഗ്രസ് നേതാവിനെ കൈവിട്ടിട്ടില്ല. 2013ൽ ബസ്തറിലെ 12 മണ്ഡലത്തിൽ11ഉം ബി.ജെ.പി തൂത്തുവാരിയപ്പോഴും എല്ലാവരും സ്നേഹത്തോടെ ദാദി എന്ന് വിളിക്കുന്ന ലക്മയെ ആദിവാസികൾ വിജയിപ്പിച്ചു. കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി ആന്ധ്രയിൽ കന്നുകാലികളെ വിറ്റായിരുന്നു ജീവിത മാർഗം കണ്ടെത്തിയത്. ഇപ്പോൾ മന്ത്രിയായിട്ടും കാടിന് നടുവിലെ വീട് ഉപേക്ഷിച്ചിട്ടില്ലെന്നും ജീവിത രീതി മാറ്റിയിട്ടില്ലെന്നും ലക്മയെ കാണാനുള്ള യാത്രക്കിടെ ആദിവാസിയായ ഡ്രൈവർ ശിവ സാർഥി പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടാൻ കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെ ആദിവാസികളെ മനുഷ്യകവചമാക്കി ഉണ്ടാക്കിയ സാൽവജൂദൂമിനെതിരെ ശക്തമായ നിലപാടായിരുന്നു ലക്മ സീകരിച്ചത്. 2013ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാക്കളുടെ വാഹന വ്യൂഹം തടഞ്ഞു നിർത്തി മഹേന്ദ്ര കർമ ഉൾപ്പെടെ 28 പേരെ വെട്ടികൊന്നപ്പോൾ അവർ വെറുത വിട്ടത് ലക്മയെ മാത്രമായിരുന്നു.
കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ. പുതുമുഖവും സാൽജൂദൂം പ്രവർത്തകനുമായിരുന്ന സോയം മുക്കയെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത്. 93 മുതൽ 98 വരെ മണ്ഡലത്തിൽ എം.എൽ.എയായിരുന്ന മനീഷ് കുഞ്ചം ആണ് സി.പി.ഐക്ക് വേണ്ടി ജനവിധി തേടുന്നത്. മാവോയിസ്റ്റുകൾ തടസപ്പെടുത്തിയ പല പദ്ധതികളും ഉൾക്കാടുകളിലെ ആദിവാസി ഗ്രാമങ്ങളിലെത്തിച്ചതാണ് മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണമാക്കുന്നത്. നിരക്ഷരരായ വോട്ടർമാർ ഏറ്റവും അധികം വോട്ടർമാരുള്ള മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിലല്ലാതെയുള്ള മത്സരം സി.പി.ഐക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലക്മ പ്രചാരണത്തിൽ ഏറെ മുന്നിലാണ്.
• പ്രചാരണം എങ്ങനെ പോകുന്നു?
കവാസി ലക്മ: വിജയ പ്രതീക്ഷയുണ്ട്. ഒന്നാഘട്ട പര്യടനം പൂർത്തിയാക്കി. സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തിൽ ഭഗേദൽ സർക്കാർ തിരിച്ചെത്തും.
• കൊണ്ടയിൽ നിന്നും ഇനിയും ഒരു മന്ത്രിയെ പ്രതീക്ഷിക്കാമോ?
ജയിച്ചതിന് ശേഷം പാർട്ടി എന്താണോ തീരുമാനിക്കുന്നതാണ് അത് സീകരിക്കും. മുദ്രാവാക്യം വിളിക്കാൻ പറഞ്ഞാൽ മുദ്രാവക്യം വിളിക്കും, മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. ഗാന്ധി കുടുംബമാണ് തനിക്ക് എല്ലാം എല്ലാം. സഹോദരനെ പോലെ ആയിരുന്ന അജിത് ജോഗി പുതിയ പാർട്ടിയുണ്ടാക്കി അതിലേക്ക് വിളിച്ചപ്പോൾ താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുയാണ് ഉണ്ടായത്.
•ക്ഷേമ പദ്ധതികൾ വോട്ടായി മാറുമോ?
അടിസ്ഥാന വർഗത്തിൽപ്പെട്ടവർക്ക് വേണ്ടി നിരവധി ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. അതിലൊന്നാണ് ചാണക സംഭരണം. ഇതു വഴി തൊഴിൽ സാധ്യകളും വരുമാന വർധനവും സൃഷ്ടിച്ചു. ഇന്ത്യയിൽ ഒരു സർക്കാറും ഇത്ര വലിയ തുക നൽകി നെല്ല് സംഭരിക്കുന്നില്ല. കേരളത്തിലും ഗുജറാത്തിലും അടക്കം ഒരു സംസ്ഥാനത്തുമില്ല. നിരവധി ആദിവാിസി ക്ഷേമ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
• ജാതി സെൻസസ് പ്രഖ്യാപനം സംസ്ഥാനത്ത് കോൺഗ്രസിന് നേട്ടമുണ്ടാക്കുമോ?
ഭാഘേൽ സർക്കാർ തിരിച്ചെത്തിയാൽ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തും. മോദി ജാതി സെൻസസിനെ എന്തിനാണ് ഭയപ്പെടുന്നത്?. എത്രയാണോ ജനസംഖ്യ അതിന് അനുസരിച്ച് ആയിരിക്കണം അവർക്ക് നൽകേണ്ട അവാകാശങ്ങൾ നിശ്ചയിക്കേണ്ടത്. അതു നടപ്പിലാക്കും.
• കോൺഗ്രസ് പ്രകടപത്രിക എന്തുകൊണ്ടാണ് വൈകുന്നത്?
രാഹുൽഗാന്ധി, ഭാഘേൽ അടക്കം എല്ലാവരും ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത തവണ 17 ലക്ഷം പാവപ്പെട്ടവർക്ക് വീട് നിർമിക്കാനായി 35,000 കോടി രൂപ സർക്കാർ ചിലവഴിക്കും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടുകളുള്ള സംസ്ഥാനങ്ങളായി ഛത്തീസ്ഗഡ് സർക്കാർ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.