ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ കർഷകർക്ക് 'ശ്രദ്ധാഞ്ജലി' അർപ്പിച്ച് കർഷകർ. ഡിസംബർ 20 'ശ്രദ്ധാഞ്ജലി ദിവസായി' ആചരിക്കും.
പ്രക്ഷോഭ സ്ഥലത്ത് കർഷകർ പ്രാർഥന നടത്തി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിൻമാറില്ലെന്ന് കർഷകർ വീണ്ടും ആവർത്തിച്ചു.
കേന്ദ്രസർക്കാറിനെതിരായ കർഷക പ്രക്ഷോഭത്തിനിടെ 20ഓളം കർഷകർക്കാണ് ജീവൻ നഷ്ടമായത്. തണുപ്പും പ്രതികൂല കാലവസ്ഥയുമാണ് കർഷകരുടെ ജീവന് ഭീഷണിയുയർത്തുന്നത്. അതിശൈത്യത്തിൽ ഹൃദയാഘാതം മൂലമാണ് പലരുടെയും മരണം.
സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധം 25 ദിവസമായി തുടരുകയാണ്. ഡൽഹിയിലെ നാല് അതിർത്തികളിലാണ് പ്രതിഷേധം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിക്കും ഉത്തർപ്രദേശിനും ഇടയിലുള്ള ഗാസിപൂർ അതിർത്തി തടയുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറല്ലെന്നാണ് കേന്ദ്രസർക്കാർ വാദം. അടിസ്ഥാന താങ്ങുവില എടുത്തുകളയില്ലെന്നും കേന്ദ്രം പറയുന്നു. എന്നാൽ വാക്കാലുള്ള ഉറപ്പല്ലാതെ നിയമത്തിൽ ഉറപ്പുനൽകാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല. മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് കർഷകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.