ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ദലിത് സ്ത്രീ പാചകംചെയ്ത ഉച്ചഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർഥികൾ. ചമ്പാവത് ജില്ലയിലെ പ്രാദേശിക സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 'ഉന്നതജാതി'യിൽ പെട്ട വിദ്യാർഥികളാണ് ഉച്ചഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത്. ഈ വിദ്യാർഥികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ദലിത് സ്ത്രീ ഭക്ഷണം പാചകം ചെയ്തതിനെ ചോദ്യം ചെയ്യുകയും സ്കൂളിൽ ഇവരുടെ നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂളിൽ പാകം ചെയ്‌ത ഭക്ഷണം ഒഴിവാക്കാനായി വിദ്യാർഥികൾ ഇപ്പോൾ ദിവസവും വീട്ടിൽ നിന്നാണ് ഉച്ചഭക്ഷണം കൊണ്ടുവരുന്നത്. നിലവിൽ സ്‌കൂളിൽ 230ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
"ഡിസംബർ 13നാണ് ഞാൻ സ്കൂളിൽ ചേരുന്നത്. അന്ന് എല്ലാ വിദ്യാർഥികളും ഞാൻ പാചകം ചെയ്ത ഭക്ഷണം ഒരു പ്രശ്നവുമില്ലാതെ കഴിച്ചിരുന്നു. പക്ഷേ, അടുത്ത ദിവസം ഞാൻ തയാറാക്കിയ ഭക്ഷണം കഴിക്കരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത് കൊണ്ട് വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിച്ചു. ഞാൻ ദലിത് സ്ത്രീയായതുകൊണ്ടാണ് എന്‍റെ നിയമനത്തെ ഇവർ ചോദ്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം അപമാനകരമായ സംഭവമാണ്" -പാചകക്കാരിയായ സുനിത പറയുന്നു. രോഗിയായ ഭർത്താവിനെയും രണ്ട് മക്കളെയും പോറ്റാനുള്ള വരുമാനമായാണ് ഈ ജോലിയെ സുനിത കണ്ടിരുന്നത്. സുനിതയെ കൂടാതെ ഉയർന്ന ജാതിക്കാരിയായ ഒരു സ്ത്രീയും സ്കൂളിൽ പാചകക്കാരിയായി ഉണ്ടായിരുന്നു. ഇപ്പോൾ വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്നത് ഇവരാണെന്ന് സുനിത പറഞ്ഞു.
ഉത്തരാഖണ്ഡിലെ സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി പാചകം ചെയ്യാൻ നിയോഗിക്കുന്ന സ്ത്രീകളെ "ഭോജൻ മാതാസ്" (പാചകംചെയുന്ന അമ്മമാർ) എന്നാണ് വിളിക്കുന്നത്. വിദ്യാർഥികൾക്ക് രുചികരമായ ഭക്ഷണം തയാറാക്കുകയാണ് ഇവരുടെ ചുമതല. എട്ടുലക്ഷത്തിലധികം തൊഴിൽരഹിതരുള്ള സംസ്ഥാനത്ത് സുനിതയെ പോലുള്ളവർക്ക് സർക്കാർ ജോലി ലഭിക്കുന്നത് ചെറിയ നേട്ടമല്ല. ഒരു ഭോജൻ മാതാവിന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രതിമാസം 3000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. ജൂനിയർ ക്ലാസുകൾക്ക് (ആറാം ക്ലാസ് വരെ) ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനുമായി 20,000ത്തിലധികം സ്ത്രീകൾ ഭോജൻ മാതാകളായി പ്രവർത്തിക്കുന്നുണ്ടെന്നും സ്‌കൂളുകളിൽ നിന്നുള്ള ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ജില്ലതലത്തിൽ ഇവരുടെ തിരഞ്ഞെടുപ്പും നിയമനവും നടത്തുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സുനിതയുടെ നിയമനം ചട്ടങ്ങൾക്കനുസരിച്ചാണ് നടന്നത്, പക്ഷേ, നിരവധി രക്ഷിതാക്കൾ നിയമനത്തെ എതിർക്കുകയും അവർ പാകംചെയ്ത ഭക്ഷണം കഴിക്കാൻ കുട്ടികളെ അനുവദിക്കാതിരിക്കുകയും ചെയ്തു, വിഷയത്തിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണ് -സ്‌കൂൾ പ്രിൻസിപ്പൽ പ്രേം ആര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.