ന്യൂഡൽഹി: മുൻപ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയിക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി. യമുന തീരത്തെ സ്മൃതിസ്ഥലിൽ രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തിൽ വളർത്തുമകൾ നമിത ഭട്ടാചാര്യ ചിതക്ക് തീ കൊളുത്തി.
വ്യാഴാഴ്ച വൈകീട്ടാണ് വാജ്പേയി അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അന്തരിച്ചത്. വെള്ളിയാഴ്ച ബി.ജെ.പി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ ആയിരക്കണക്കായ ബി.ജെ.പി പ്രവർത്തകരും കക്ഷിരാഷ്ട്രീയ ഭേദമെേന്യ നാനാ തുറകളിലുള്ളവരും ആദരാഞ്ജലി അർപ്പിക്കാനെത്തി.
നേരത്തേ കേരള ഗവർണർ പി. സദാശിവം രാവിലെ കൃഷ്ണമേനോൻ മാർഗിലെ വാജ്പേയിയുടെ വസതിയിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുഷ്പചക്രം അർപ്പിച്ചു. ബി.ജെ.പി ആസ്ഥാനത്തുനിന്നാണ് വൈകീട്ട് യമുന തീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്ര നീങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവരടക്കം മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു.
സ്മൃതിസ്ഥലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, ആറര പതിറ്റാണ്ട് വാജ്പേയിക്ക് വലൈങ്കയായി നിന്ന മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് അടക്കം കേന്ദ്രമന്ത്രിമാർ, സേനാ മേധാവികൾ, ഗവർണർമാർ, മുഖ്യമന്ത്രിമാർ എന്നിവർ എത്തിയിരുന്നു.
ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗെയ്ൽ വാങ്ചുക്, പാകിസ്താൻ നിയമമന്ത്രി അലി സഫർ, അഫ്ഗാനിസ്താൻ മുൻ പ്രസിഡൻറ് ഹാമിദ് കർസായി, ശ്രീലങ്കയുടെ ആക്ടിങ് വിദേശകാര്യ മന്ത്രി ലക്ഷ്മൺ കിരിയേല, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ എന്നിവരും പെങ്കടുത്തു. വാജ്പേയിയുടെ കുടുംബാംഗങ്ങളാണ് സംസ്കാര കർമങ്ങൾക്ക് നേതൃത്വം നൽകിയത്. വനിതകൾ ചിതക്ക് തീ കൊളുത്താറില്ലെന്ന പതിവു മാറ്റി വളർത്തുമകൾ നമിത കർമം നടത്തി. വളർത്തു മരുമകൻ രഞ്ജൻ ഭട്ടാചാര്യയും ഒപ്പമുണ്ടായിരുന്നു. പൂർണ ദേശീയ ബഹുമതികളോടെ വൈകീട്ട് അഞ്ചു മണിക്കാണ് ചിതക്ക് തീ കൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.