സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ അതീഖുർ റഹ്മാന്‍ ജയിൽ മോചിതനായി

ന്യൂഡല്‍ഹി: യു.പിയിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകവെ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ കാമ്പസ് ഫ്രണ്ട് മുൻ ദേശീയ ട്രഷറർ അതീഖുർ റഹ്മാന്‍ ജയിൽ മോചിതനായി. 983 ദിവസത്തിന് ശേഷമാണ് ലഖ്‌നോ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. യു.എ.പി.എ, ഇ.ഡി കേസുകളിൽ അലഹബാദ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്.

2020 ആ​ഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഹാഥറസിലേക്ക് പോകവെയാണ് യു.പി പൊലീസ് അതീഖുർ റഹ്മാൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആലമും സിദ്ദീഖ് കാപ്പനും നേരത്തെ ജാമ്യത്തിൽ ഇങ്ങിയിരുന്നു.

ഹൃദ്രോഗിയായ അതീഖുര്‍ റഹ്‌മാന് ജയിലില്‍ തുടര്‍ചികിത്സ ലഭിക്കാതെ ഇടതുവശം തളര്‍ന്നുപോവുകയും തുടര്‍ന്ന് ലഖ്‌നോവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീഖുർറഹ്മാനെ ഉടൻ മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Atiqur Rahman, who was arrested along with Siddique Kappan, was released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.