ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ തയാറാക്കി. ഇത് അടുത്തവർഷം മുതൽ പ്രാബല്യത്തിലാവും. പുതിയ നിർദേശപ്രകാരം രാത്രി ഒമ്പതിനുശേഷം നഗരങ്ങളിലും ആറിനുശേഷം ഗ്രാമങ്ങളിലുമുള്ള എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കില്ല. നക്സൽ സ്വാധീനമുള്ള മേഖലകളിലെ എ.ടി.എമ്മുകളിൽ വൈകീട്ട് നാലിനുള്ളിൽ പണം എത്തിക്കണം. ബാങ്കുകളിൽനിന്ന് പണം സ്വീകരിക്കുന്ന സ്വകാര്യ ഏജൻസികൾ ഉച്ചക്കുമുമ്പുതന്നെ ആ പ്രവൃത്തി പൂർത്തിയാക്കണം. പണം സായുധ വാഹനങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ.
പണവുമായി പോകുന്ന വാഹനങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ, എ.ടി.എം കവർച്ച തുടങ്ങിയ സംഭവങ്ങൾ അധികരിച്ച പശ്ചാത്തലത്തിലാണ് നടപടി. പുതിയ നിർദേശങ്ങൾ 2019 ഫെബ്രുവരി എട്ടുമുതൽ നടപ്പാകും.
രാജ്യത്താകെ, ബാങ്കുകളുടെ പണം കൈകാര്യം ചെയ്യുന്ന 8000ത്തിലധികം സ്വകാര്യ വാനുകളുണ്ട്. ഇവർ പ്രതിദിനം 15,000 കോടിയിലധികം രൂപ കൈകാര്യം ചെയ്യുന്നുണ്ട്.
പണം കൊണ്ടുപോകുന്ന വാനിൽ ഉണ്ടാകേണ്ട സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും കൃത്യമായ നിർദേശങ്ങളുണ്ട്. വാനിെൻറ മുന്നിലും പിന്നിലും ഉള്ളിലും കാമറ വേണം. ഇതിൽ അഞ്ചുദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമുണ്ടാകണം. പണം കൊണ്ടുപോകുന്ന ജോലിക്കായി നിയമിക്കുന്നവർ എല്ലാ രേഖകളും ഉള്ളവരായിരിക്കണം. ഇവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.