ന്യൂഡൽഹി: സാമ്പത്തികരംഗം ചരിത്രത്തിലെതന്നെ കൊടിയ വരൾച്ച നേരിടുന്നതിെൻറ കണക്കുകൾ പുറത്തുവന്നിരിക്കേ, മൂന്നാം ഗഡു കോവിഡ്കാല ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. ഇളവുകൾക്ക് യോഗ്യത നേടാൻ ഒരുകൂട്ടം കടമ്പ.
മാർച്ചിനുശേഷമുള്ള പാക്കേജുകളുടെ മൊത്തം വലുപ്പം 30 ലക്ഷം കോടിയിലേക്ക് ഉയർന്നുവെന്ന അവകാശവാദത്തോടെ 2.65 ലക്ഷം കോടിയുടെ പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ദീർഘകാലത്തെ കർക്കശ ലോക്ഡൗണിനു ശേഷം സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക സൂചകങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വൈദ്യുതി ഉപയോഗം കൂടി. ജി.എസ്.ടി വരുമാനം 10 ശതമാനം വർധിച്ച് 1.05 ലക്ഷം കോടിയായി. ബാങ്ക് വായ്പ ഉയർന്നു. റെയിൽവഴിയുള്ള ചരക്കു ഗതാഗതവും വർധിച്ചു. പ്രത്യക്ഷ വിദേശ നിക്ഷേപവരവ് ഉയർന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ സാമ്പത്തികരംഗം വളരുെന്നന്നാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. ഈ തിരിച്ചുവരവ് ഉപഭോഗം കൂടിയതുകൊണ്ടു മാത്രമല്ല, വളർച്ചയുടെ ലക്ഷണം കൂടിയാണ്- മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിൻ ഗവേഷണത്തിന് ബയോടെക്നോളജി വകുപ്പിന് 900 കോടി രൂപ ഗ്രാൻഡ്. വാക്സിൻ നിർമാണത്തിനോ വിതരണത്തിനോ വേണ്ടിവരുന്ന ചെലവുകൾ ഇതിൽ പെടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അത് യഥാസമയം വേറെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
െതാഴിൽ
● കോവിഡ് കാലത്ത് പുതുതായോ മറ്റിടങ്ങളിൽ നിന്ന് പിരിച്ചുവിട്ടവർക്കോ തൊഴിൽ നൽകുന്ന കമ്പനികൾക്ക് ഇ.പി.എഫ് അടവിൽ ആനുകൂല്യം. 12 ശതമാനം വീതമുള്ള തൊഴിലാളി, തൊഴിലുടമ വിഹിതം അടുത്ത രണ്ടു വർഷത്തേക്ക് സർക്കാർ അടക്കും. പദ്ധതിക്ക് ജൂൺ 30 വരെ പ്രാബല്യം.
തുക കിട്ടാനുള്ള നിബന്ധനകൾ: 50ൽ താഴെ തൊഴിലാളികളുള്ള കമ്പനികൾ രണ്ടു പേർക്കെങ്കിലും ഇങ്ങനെ തൊഴിൽ നൽകിയിരിക്കണം. 50ൽ കൂടുതൽ പേരുള്ള കമ്പനിയാണെങ്കിൽ ചുരുങ്ങിയത് അഞ്ചു പേരെ നിയമിച്ചിരിക്കണം.
പ്രതിമാസ ശമ്പളം 15,000 രൂപയിൽ താഴെയുള്ളവരുടെ കാര്യത്തിലാണ് ആനുകൂല്യം. മാർച്ച് ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ തൊഴിൽ നഷ്ടപ്പെട്ടവരോ ഇതുവരെ ഇ.പി.എഫിൽ ഇല്ലാതിരുന്നവരോ ആണ് ഇളവിന് അർഹത നേടുക. സർക്കാർ ആനുകൂല്യം അതതു കമ്പനികളിലേക്ക്.
വീട്
● അടുത്ത ജൂൺ 30നു മുമ്പ് രണ്ടു കോടി രൂപ വരെ മുടക്കി ആദ്യമായി വീടുവാങ്ങിയാൽ ആദായനികുതി ചട്ടങ്ങളിൽ ഇളവ്. റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്തുകയാണ് പാക്കേജിെൻറ അനുബന്ധ ലക്ഷ്യം. സ്റ്റാമ്പ് ഡ്യൂട്ടി, വാങ്ങിയ വില എന്നിവ തമ്മിലുള്ള അന്തരത്തിന് 20 ശതമാനം വരെ ആദായ നികുതി ഇളവു നൽകും. ഇപ്പോൾ ഇത് 10 ശതമാനം.
ദേശീയ പശ്ചാത്തല നിക്ഷേപനിധിക്ക് (എൻ.ഐ.ഐ.എഫ്) 6000 കോടി, പ്രധാനമന്ത്രി ആവാസ് യോജനയിൽ (നഗരം)18,000 കോടി രൂപ കൂടി നൽകും. 12 ലക്ഷം പുതിയ വീടുകളുടെ നിർമാണത്തിനും 18 ലക്ഷം വീടുകൾ പൂർത്തിയാക്കാനും തുക ഉപയോഗിക്കും.
കർഷകർ, ദരിദ്രർ
● കർഷകർക്ക് വളം ലഭ്യത ഉറപ്പുവരുത്താൻ 65,000 കോടി രൂപയുടെ അധിക വളം സബ്സിഡി. പ്രധാനമന്ത്രിയുടെ പേരിലുള്ള ദരിദ്രക്ഷേമ പദ്ധതിക്കായി 10,000 കോടി രൂപ കൂടി.
നിർമാണം; വ്യവസായം
● നിർമാണ കരാറുകാർക്ക് 2021 ഡിസംബർ 31 വരെ സെക്യൂരിറ്റി തുകയിൽ മൂന്ന് ശതമാനം ഇളവ്. പുതിയ വ്യവസായങ്ങൾക്കായി 10,200 കോടി
മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണം, മരുന്നുകൾ തുടങ്ങി 10 മേഖലകൾക്ക് ഉൽപാദനവുമായി ബന്ധപ്പെടുത്തി 1.46 ലക്ഷം കോടി രൂപ.
സംരംഭങ്ങൾ
● ആരോഗ്യ രംഗം അടക്കം ഞെരുക്കം നേരിടുന്ന 26 മേഖലകൾക്ക് മാർച്ച് 31 വരെ ഈടില്ലാത്ത വായ്പ പദ്ധതി. ആദ്യ വർഷം തിരിച്ചടവ് വേണ്ട. തൊട്ടടുത്ത അഞ്ചു വർഷം കൊണ്ട് തീർത്താൽ മതി. ഉൽപാദനബന്ധ ആനുകൂല്യങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.