ഉത്തരാഖണ്ഡിൽ ദർഗകൾക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ ദർഗകൾ തകർത്ത് തീവ്രഹിന്ദുത്വ സംഘടനകൾ. സംഭവത്തിന്‍റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി ഓൺലൈൻ മാധ്യമമായ ദി സിയാസത് ഡെയ്‍ലി റിപ്പോർട്ട് ചെയ്യുന്നു. സൂഫികൾ ഉൾപ്പെടെയുള്ളവരുടെ ഖബറിടം തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

'ഇത് ദേവഭൂമിയാണ്, പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമിയല്ല. ഇതിൽ നിന്ന് ഉത്തരാഖണ്ഡിനെ മോചിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും' സ്ഥലത്തുണ്ടായിരുന്ന ഒരാൾ പ്രതികരിച്ചു. 'അടക്കം ചെയ്ത ഓരോ ശരീരവും ഞങ്ങൾ പുറത്തെടുക്കും, വിവസ്ത്രമാക്കു'മെന്നും മറ്റൊരാൾ പറയുന്നുണ്ട്.

പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമി ഹിന്ദുമതസ്ഥരായ രണ്ട് പേർക്ക് അവകാശപ്പെട്ടതാണെന്നും അവരുടെ നിർദേശപ്രകാരമാണ് പൊളിച്ചുനീക്കൽ നടക്കുന്നതെന്നുമാണ് ദേവഭൂമി രക്ഷ അഭിയാൻ അധ്യക്ഷൻ ദർശൻ ഭാരതിയുടെ വിശദീകരണം.

"പുണ്യാത്മാക്കളെ അടക്കം ചെയ്തിരിക്കുന്ന ഭൂമി ഹിന്ദുമതസ്ഥരായ രണ്ട് പേരുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ നിർദേശപ്രകാരമാണ് പൊളിച്ചുനീക്കൽ നടക്കുന്നത്. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്. ഋഷികേശിലെ ശ്യാംപൂർ, ഗുമാനിവാല പ്രദേശങ്ങളിൽ മുപ്പതോളം ഖബറിടങ്ങളുണ്ട്. അവയെല്ലാം പൊളിച്ചുനീക്കാനാണ് ഞങ്ങളുടെ തീരുമാനം. ദേവഭൂമിയിൽ ഖബറിടം നിർമിക്കുന്നത് ഞങ്ങളുടെ മതത്തിന് മേലുള്ള കടന്നുകയറ്റമാണ്" - ദർശൻ ഭാരതി പറഞ്ഞു.

ഇന്ത്യൻ-അമേരിക്കൻ മുസ്ലിം കൗൺസിലും സംഭവത്തെക്കുറിച്ച് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - Attack against Darga in Uttarakhand by hindutva groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.