മുംബൈ: മറാത്ത ചക്രവർത്തി ശിവജിയുടെ വിശാൽഗഡ് കോട്ടക്ക് സമീപങ്ങളിലുള്ള ഗ്രാമങ്ങളിലെ മുസ്ലിം വീടുകളും കടകളും ആക്രമിക്കപ്പെട്ടതോടെ കോലാപൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല ഭരണകൂടം. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പങ്കുവെക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതും പോസ്റ്ററുകൾ പതിക്കുന്നതും വിലക്കി.
വിശാൽഗഡ് കോട്ടക്ക് പരിസരത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശിവജിയുടെ പിന്മുറക്കാരൻ സമ്പാജി രാജെ ഞായറാഴ്ച നടത്തിയ ‘ചലോ വിശാൽഗഡ്’ റാലിയാണ് ലഹളയായി മാറിയത്. സമ്പാജി രാജെയും സംഘവും എത്തുന്നതിനുമുമ്പെ മറ്റൊരു വിഭാഗം പരിസരത്തെ ഗ്രാമങ്ങളിൽ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ഗജാപുർ ഗ്രാമത്തിലാണ് കൂടുതൽ ആക്രമണങ്ങളും നടന്നത്. അവിടത്തെ പള്ളിയും ആക്രമിക്കപ്പെട്ടു. ആക്രമണകാരികൾത്തന്നെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. ആക്രമണം നടത്തിയവർ തങ്ങളുടെ ഗ്രാമങ്ങളിലോ പരിസര പ്രദശേങ്ങളിലോ ഉള്ളവരല്ലെന്ന് നാട്ടുകാർ പറയുന്നു. 500 പേർക്കെതിരെ കേസെടുത്ത പൊലീസ് 21 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
കോട്ടക്കു പരിസരത്തെ അനധികൃത നിർമാണം നടത്തിയവരിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും അത് ന്യൂനപക്ഷം മാത്രമാണെന്ന നിലയിലാണ് ആക്രമണമെന്നും സമ്പാജി രാജെ പറഞ്ഞു. അനധികൃത നിർമാണത്തിനെതിരെ സമ്പാജി രാജെ മാസങ്ങളായി രംഗത്തുണ്ട്. എന്നാൽ, അതൊന്നും വർഗീയ ലക്ഷ്യത്തോടെ ആയിരുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. അനധികൃത നിർമാണം പൊളിക്കുന്നതിന് എതിരെ കച്ചവടക്കാർ കോടതിയെ സമീപിക്കുകയും 150ൽ ഏഴ് നിർമിതി പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. സമ്പാജി രാജെയുടെ പിതാവും കോലാപൂർ കോൺഗ്രസ് എം.പിയുമായ സാഹു മഹാരാജ് സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.