'തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചില്ലെങ്കിൽ മമതയെ കൊല്ലാൻ വരെ അവർ ഗൂഢാലോചന നടത്തിയേക്കും'

സൗത്ത് 24 പർഗാനാസ്: ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണം ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് മന്ത്രി സുബ്രത മുഖർജി. ആസന്നമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി മമത ബാനർജിയെ വധിക്കാൻ വരെ അവർ ഗൂഢാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചില്ലെങ്കിൽ, ആളുകളെ രഹസ്യമായി അയച്ച് മമതയെ കൊലപ്പെടുത്താൻ അവർ ഗൂഢാലോചന നടത്തിയേക്കാം. പശ്ചിമ ബംഗാളിൽ സമാധാനം തകർക്കാൻ ഗഢാലോചന നടത്തുന്നു. നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണം പൂർണമായും ബി.ജെ.പി ഗൂഢാലോചനയാണ്' -അദ്ദേഹം പറഞ്ഞു.

അന്വേഷിച്ച് ഈ ഗൂഢാലോചന കണ്ടെത്തുമെന്നും ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പരാമർശം. അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു.

നോട്ടീസ് ലഭിച്ച 3 ഉദ്യോഗസ്ഥരാണ് സുരക്ഷ വീഴചക്ക് കാരണക്കാരെന്നും അവർക്കായിരുന്നു നദ്ദയുടെ സുരക്ഷ ചുമതലയെന്നുമാണ് സൂചന. കഴിഞ്ഞ 10ന് സൗത്ത് 24 പർഗാനയിലെ ഡയമണ്ട് ഹാർബറിനടുത്തുള്ള സിറാക്കലിൽ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാറിന്‍റെ ചില്ല് തകർന്നിരുന്നു.

സാധാരണ അതാതു സംസ്ഥാന സർക്കാറുകളുടെ അനുമതിയോടെയാണ് കേന്ദ്രം ഡെപ്യൂട്ടഷനിലേക്ക് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിളിക്കാറുള്ളത്. എന്നാൽ മമത സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.ഇതോടെ ഈ നടപടി പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

Tags:    
News Summary - Attack on Nadda's convoy, a BJP conspiracy claims TMC's Subrata Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.