ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 12ൽ ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ ശ്രമിച്ച 30 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. വിവിധ ഹൈന്ദവ സംഘടനകളിൽപ്പെട്ടവരാണ് ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ രംഗത്തെത്തിയത്. ഗുരുഗ്രാമിലെ പൊതു സ്ഥലത്ത് നമസ്കരിക്കുന്നത് ചോദ്യം ചെയ്താണ് ഹൈന്ദവ സംഘടനകൾ എത്തിയത്.
ഗുരുഗ്രാമിലെ 37 പൊതു ഇടങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള സൗകര്യം 2018ൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. അന്ന് മുതൽ നമസ്കാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് പതിവായതിനാൽ സെക്ടർ 12ൽ നമസ്കാരം നടക്കുന്നിടത്ത് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 'ജയ് ശ്രീറാം ', 'ദാരത് മാതാ കീ ജയ് ' മുദ്രാവാക്യങ്ങൾ വിളിച്ച് ഹൈന്ദവ സംഘടന പ്രവർത്തകർ തടിച്ചു കൂടി. തുടർന്നാണ് 30 പേരെ കരുതൽ തടവിലാക്കിയത്.
"രണ്ട് വർഷത്തിലേറെയായി ഗുരുഗ്രാമിലെ നിർദിഷ്ട ഇടങ്ങളിൽ മുസ്‌ലിമുകൾ ജുമുഅ നമസ്കരിക്കുന്നുണ്ട്. അന്നു മുതൽ ഇത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്രമസമാധാന നില തകർക്കരുതെന്ന് പലവട്ടം ഹൈന്ദവ സംഘടനകളോട് ആവശ്യപ്പെട്ടതാണ്. തുടരെ തുടരെ മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചതോടെയാണ് മുൻകരുതൽ നടപടി എന്ന നിലയിൽ ചിലരെ 'കരുതൽ തടവിലാക്കിയത് " - ഗുരുഗ്രാം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അങ്കിത ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.