ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ച സംഭവത്തിൽ ഒത്തുകളി ആരോപണവുമായി കോൺഗ്രസ്. 'മോദിയുടെ അന്യായ കാലത്തിൽ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബി.ജെ.പിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാൽ സൂറത്ത് മണ്ഡലത്തിൽ ഒത്തുകളിക്കുള്ള ശ്രമമാണ് നടന്നിരിക്കുന്നത്' -കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സ് പോസ്റ്റിൽ പറഞ്ഞു.
ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. കാലഗണന ഇങ്ങനെയാണെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
1984 മുതൽ ബി.ജെ.പി സ്ഥിരമായി ജയിച്ചുവരുന്ന സീറ്റാണ് സൂറത്തിലേതെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. മോദിയുടെ അന്യായ കാലത്തിൽ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബി.ജെ.പിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാൽ സൂറത്ത് മണ്ഡലത്തിൽ ഒത്തുകളിക്കുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം, അംബേദ്കറുടെ ഭരണഘടന -ഇവയെല്ലാം വെല്ലുവിളി നേരിടുകയാണ്. നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത് -ജയ്റാം രമേശ് പറഞ്ഞു.
ഗുജറാത്തിലെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ ഇന്നാണ് ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മിയുടെയും പത്രിക ഇവിടെ കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെ ഏഴ് സ്വതന്ത്രരും ബി.എസ്.പി സ്ഥാനാർഥിയും പത്രിക പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുമ്പാനിയെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്ന് പേരിൽ ഒരാളെ പോലും ഹാജരാക്കാൻ സാധിക്കാതായതോടെയാണ് പത്രിക തള്ളിയത്. നീലേഷ് കുമ്പാനിയുടെ സഹോദരീ ഭർത്താവ് ജഗദീഷ് സവലിയ ഉൾപ്പെടെ പിന്തുണച്ച മൂന്നുപേരും കാലുമാറുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.