ന്യൂഡൽഹി: മൂന്നുകോടി ഇന്ത്യൻ റെയിൽവേ യാത്രികരുടെ ഡേറ്റ ഹാക്ക് ചെയ്ത് ഓൺലൈനിൽ വിൽപനക്കുവെച്ചതായി റിപ്പോർട്ട്. ഇന്റർനെറ്റ് അധോലോകമായ ഡാർക് വെബിലാണ് റെയിൽവേ യാത്രികരുടെ വിവരങ്ങൾ ഡിസംബർ 27ന് ‘ഷാഡോ ഹാക്കർ’ എന്ന സംഘം വിൽപനക്കുവെച്ചത്. മൂന്നുകോടിയോളം റെയിൽവേ യാത്രക്കാരുടെ യൂസർ നെയിം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, നഗരം അടക്കമുള്ള വിവരങ്ങൾ ലഭിച്ചെന്നാണ് ഷാഡോ ഹാക്കർ പറയുന്നത്. കൂടാതെ, രാജ്യത്തെ പ്രധാനപ്പെട്ട വ്യക്തികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നുണ്ട്.
ഡേറ്റയുടെ പകർപ്പിന് 400 ഡോളറാണ് വില നിശ്ചയിച്ചിട്ടുള്ളത്. വാങ്ങുന്നയാൾക്ക് അഞ്ച് പകർപ്പുകൾ മാത്രമെ ലഭിക്കൂ. കൂടുതൽ ഡേറ്റ ലഭ്യമാവണമെങ്കിൽ 1,500 മുതൽ 2,000 ഡോളർ വരെ നൽകണം. 2019 ലും റെയിൽവേ യാത്രക്കാരുടെ ഡേറ്റ ഹാക്കർമാർ ചോർത്തിയിരുന്നു. ഏകദേശം 90 ലക്ഷം ആളുകളുടെ വിവരങ്ങളാണ് അന്നു ചോർന്നത്.
2021-22 സാമ്പത്തിക വർഷത്തിൽ ഓൺലൈൻ റെയിൽവേ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) വഴി നാലുകോടിയിൽ അധികം യാത്രക്കാരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്നും എന്നാൽ, അന്വേഷണം നടത്തിവരുകയാണെന്നും ഐ.ആർ.സി.ടി.സി വൃത്തങ്ങൾ പറഞ്ഞു. എല്ലാ ഐ.ആർ.സി.ടി.സി ബിസിനസ് പങ്കാളികളോടും അവരുടെ എന്തെങ്കിലും ഡേറ്റയിൽ ചോർച്ചയുണ്ടായോ എന്ന് ഉടൻ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.