സർവ സേവാ സംഘത്തിന്‍റെ വാരണാസിയിലെ ഭൂമി കൈയേറിയ സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ സത്യഗ്രഹം

ന്യൂഡൽഹി: യു.പിയിലെ വാരണാസിയിൽ സർവ സേവാ സംഘത്തിന്‍റെ സ്ഥലം കയ്യേറുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരു വർഷമായിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം. സർവ സേവാ സംഘത്തിന്‍റെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രമുഖ ഗാന്ധിയന്മാരും സാമൂഹികപ്രവർത്തകരും സത്യാഗ്രഹത്തിൽ പങ്കെടുത്തു.

വാരണാസിയിൽ ഗംഗയുടെ തീരത്ത് സർവ സേവാ സംഘത്തിന്റെ 12.89 ഏക്കർ ഭൂമി റെയിൽവേയുടെതാണെന്ന് അവകാശപ്പെട്ടാണ് യു.പി സർക്കാർ കഴിഞ്ഞ വർഷം സ്ഥലം കയ്യേറുകയും കെട്ടിടങ്ങൾ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയും ചെയ്തത്. എന്നാൽ, സംഭാവനകളിലൂടെ ഫണ്ട് ശേഖരിച്ചാണ് വാരണാസിയിലെ ഈ ഭൂമി റെയിൽവേയിൽ നിന്ന് വാങ്ങിയതെന്നും 1960നും 1970നും ഇടയിൽ തവണകളായി പണം അടച്ചിരുന്നുവെന്നുമാണ് സർവ സേവ സംഘം വ്യക്തമാക്കുന്നത്.

ഗാന്ധിയുടേയും വിനോബാ ഭാബെയുടേയും അഹിംസാ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം 1962 ല്‍ ജയപ്രകാശ് നാരായണന്‍ സ്ഥാപിച്ചതായിരുന്നു ഇവിടെയുള്ള പല കെട്ടിടങ്ങളും. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന പ്രീസ്‌കൂൾ, സർവ സേവാ സംഘ് പ്രകാശൻ എന്ന പബ്ലിക്കേഷൻ ഹൗസ്, ഗസ്റ്റ് ഹൗസ്, ലൈബ്രറി, മീറ്റിംഗ് ഹാൾ, പ്രകൃതി ചികിത്സാ കേന്ദ്രം, യുവജന പരിശീലന കേന്ദ്രം, ഖാദി ഭണ്ഡാർ, മഹാത്മാഗാന്ധിയുടെ പ്രതിമ എന്നിവയാണ് റെയിൽവെ അവകാശം ഉന്നയിക്കുന്ന ഭൂമിയിലുണ്ടായിരുന്നത്.

 

ഭൂമി നിയമവിരുദ്ധമായി കയ്യേറിയതാണ് എന്ന് ഇപ്പോൾ റെയിൽവെ പറയുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും സർവ്വ സേവാ സംഘത്തെയും ഗാന്ധിയൻ ആദർശങ്ങളെയും ഇന്ത്യയിൽ നിന്നും ഇല്ലാതാക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ ശ്രമിക്കുന്നതെന്നും സർവസേവാ സംഘം ആരോപിക്കുന്നു.

സ്ഥലം കയ്യേറി കെട്ടിടം തകർത്തതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സർവ സേവാ സംഘം നിവേദനം നൽകി. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ഗാന്ധിയൻ ചിന്തകളുറങ്ങുന്ന ചരിത്രപ്രധാനമായ ഈ സ്ഥലം സർവസേവാ സംഘത്തിന് തിരികെ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Attention Satyagraha against illegal occupation of Sarva Seva Sangh premises by UP governmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.