ലഖ്നോ: രണ്ട് കൊലപാതകങ്ങൾ, പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾക്കും ഭിന്നശേഷിക്കാരനടക്കം നിരവധി പേർക്കും നേരെ ആൾക്കൂട്ട ആക്രമണം, സ്ഥാപനങ്ങൾ തകർക്കൽ... രണ്ടാഴ്ചയോളം നീണ്ടുനിന്ന കാവടി തീർഥയാത്രക്കിെട കുറഞ്ഞത് 20 അക്രമ സംഭവങ്ങൾക്കാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്. ജൂലൈ 18ന് തുടങ്ങിയ യാത്ര ആഗസ്ത് രണ്ടിനാണ് അവസാനിച്ചത്. 20 അക്രമ സംഭവങ്ങളിൽ 15 എണ്ണം യുപിയിലും രണ്ട് ഉത്തരാഖണ്ഡിലും രണ്ട് ഹരിയാനയിലും ഒന്ന് രാജസ്ഥാനിലുമാണ് നടന്നത്.
കാവടി യാത്ര കടന്നുപോകുന്ന പാതയിലെ വ്യാപാരസ്ഥാപനങ്ങൾഉടമയുടെ മതം തിരിച്ചറിയാനാകും വിധം വലിപ്പത്തിൽ പേര് എഴുതി പ്രദർശിപ്പിക്കണമെന്ന ഉത്തരവ് യാത്ര തുടങ്ങുംമുമ്പ് തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീടങ്ങോട്ട് ഓരോ ദിവസവും വിവിധ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. 20 ആക്രമണങ്ങളിൽ ഒന്നൊഴികെ ബാക്കി എല്ലാ സംഭവങ്ങൾക്കും കാവടി തീർഥാടകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഹരിയാനയിലെ ഫത്തേഹാബാദിൽ സിഖുകാർ നടത്തുന്ന സ്കൂൾ ബസ് ആക്രമണം, ഉത്തർപ്രദേശിലെ മീററ്റിൽ ഒരു മുസ്‍ലിം യുവാവിനെ വളഞ്ഞിട്ടാക്രമിച്ചത്, കാവടി തീർഥാടകർ ചേരിതിരിഞ്ഞ് ആക്രമിച്ച് 19കാരനായ തീർഥാടകനെ കൊലപ്പെടുത്തിയത്, രാജസ്ഥാനിലെ ജുൻജുനുവിലെ ആരാധനാലയത്തിൽ സ്ത്രീകളുടെ കുളിക്കടവിലേക്ക് അതിക്രമിച്ച് കയറിയത് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. യുപിയിലെ മുസഫർനഗറിൽ ഇ-റിക്ഷാ ഡ്രൈവർ മോഹിത് കാവടി യാത്രക്കാരുടെ മർദനമേറ്റതിന് പിന്നാലെ അഞ്ചാംനാൾ മരണപ്പെട്ടിരുന്നു.
ജൂലൈ 18 - ബിജ്‌നോർ: ഹരിദ്വാറിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്ന് കാവടി യാത്രികരെ നാട്ടുകാർ മർദിച്ചു
ജൂലൈ 19 - മുസാഫർനഗർ: ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിച്ചതിനെറ പേരിൽ കാവടി യാത്രികർ ഒരു ഭക്ഷണശാല തകർത്തു.
ജൂലൈ 21 - മുസഫർനഗർ: കാവടി യാത്രികർ കാർ നശിപ്പിക്കുകയും ഡ്രൈവറെ മർദിക്കുകയും ഭക്ഷണശാല ആക്രമിക്കുകയും ചെയ്തു.
ജൂലൈ 23 - ഹരിദ്വാർ: കാവടി യാത്രികർ ട്രക്ക് ഡ്രൈവറെ മർദിച്ചു.
ജൂലൈ 23 - മുസഫർനഗർ: മോഹിത് എന്ന ഇ-റിക്ഷാ ഡ്രൈവറെ കാവടി യാത്രികർ ആക്രമിച്ചു. 5 ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. ആക്രമണത്തെ തുടർന്നാണ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ജൂലൈ 23 - ഹരിദ്വാർ: കാവടി യാത്രികർ ഇ-റിക്ഷാ ഡ്രൈവറെ മർദിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്തു
ജൂലൈ 23 - സഹാറൻപൂർ: അബദ്ധത്തിൽ കൻവാറിൽ ബൈക്ക് തട്ടിയതിന് രണ്ട് സഹോദരന്മാരെ കാവടി യാത്രികർ ആക്രമിച്ചു.
ജൂലൈ 24 - മുസാഫർനഗർ: പുകവലിക്കരുതെന്ന് പറഞ്ഞതിന് കാവടി യാത്രികർ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചു. പരിക്കേറ്റ ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
ജൂലൈ 25 - മുസാഫർനഗർ: തങ്ങളുടെ മുന്നിൽ വടി വീശിയെന്നാരോപിച്ച് കാവടി യാത്രികർ ഭിന്നശേഷിക്കാരനെ മർദിച്ചു.
ജൂലൈ 25 - മുറാദ്‌നഗർ: കരാർ തൊഴിലാളിയെ കൻവാരിയർ മർദിച്ചു.
ജൂലൈ 26 - മീററ്റ്: തെറ്റായ വശത്തുകൂടെ കാർ ഓടിച്ചെന്ന് ആരോപിച്ച് കാവടി യാത്രികർ ഒരാളെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തു.
ജൂലൈ 27 - മുറാദ്‌നഗർ: തീർത്ഥാടകരിൽ ഒരാളെ ഇടിച്ചതിനെ തുടർന്ന് കാവടി യാത്രികർ കാർ നശിപ്പിച്ചു. പിന്നീട് റോഡ് ഉപരോധിച്ചു.
ജൂലൈ 28 - ജുൻജുനു: മതകേന്ദ്രത്തിൽ സ്ത്രീകൾ കുളിക്കുന്ന സ്ഥലത്ത് കാവടി യാത്രികർ അതിക്രമിച്ചുകയറി. പൊലീസ് ഓടിച്ചിട്ടുവിട്ട തീർഥാടകർ പിന്നീട് പ്രദേശത്തെ കടകൾ അടിച്ചു തകർത്തു.
ജൂലൈ 29 - ഗാസിയാബാദ്: തീർഥാടകരിൽ ഒരാളെ ഇടിച്ചെന്നാരോപിച്ച് കാവടി യാത്രികർ പൊലീസ് വാഹനം മറിച്ചിട്ട് നശിപ്പിച്ചു.
ജൂലൈ 29 - ഗാസിയാബാദ്: തങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ ശ്രമിച്ച രണ്ട് ട്രാൻസ്‌ജെൻഡർമാരെ കാവടി യാത്രികർ മർദിച്ചു.
ജൂലൈ 29 - സാഹിബാബാദ്: കാവടി യാത്രികർ മദ്യശാലകൾ നശിപ്പിക്കുകയും പൂട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ജൂലൈ 30 - ഫത്തേഹാബാദ്: സിഖ് സംഘടന നടത്തുന്ന സ്‌കൂളിന്റെ ബസ് കാവടി യാത്രികർ ആക്രമിച്ചു
ആഗസ്റ്റ് 1 - ഹാപൂർ: തീർഥാടകർക്ക് നേരെ ആരോ തുപ്പിയെന്നാരോപിച്ച് കാവടി യാത്രികർ മദ്റസയിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു.
1 ഓഗസ്റ്റ് - വാരണാസി: തീർഥാടകരെ അബദ്ധത്തിൽ ഇടിച്ച പിക്കപ്പ് വാൻ ആക്രമിക്കുകയും കാർ ഷോറൂം നശിപ്പിക്കുകയും ചെയ്തു.
ആഗസ്ത് 2 - കാവടി യാത്രികർ ചേരിതിരിഞ്ഞ് ആക്രമിച്ച് 19 വയസ്സുള്ള തീർഥാടകൻ മരിച്ചു
ആത്മാർത്ഥതയോടെയും ഭക്തിയോടെയും യാത്രയിൽ പങ്കെടുക്കാത്തവരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് കാവടി തീർഥാടകനായ ശ്യാം വിദാഗർ ‘ദ ക്വിൻറ്’ ഓൺലൈനിനോട് പറഞ്ഞു. ഭാരമുള്ള കൻവാർ കലങ്ങൾക്ക് വാഹനമിടിക്കുന്നതാണ് തീർഥാടകരെ പ്രകോപിപ്പിക്കുന്ന മറ്റൊരു കാരണമെന്ന് കാവടിയാത്രികനായ മനോജ് അഭിപ്രായപ്പെട്ടു. ‘ചില ഡ്രൈവർമാർ ശ്രദ്ധാപൂർവം കടന്നുപോകുന്നു, പക്ഷേ ചിലർ ശ്രദ്ധിക്കുന്നില്ല. അവരുടെ വാഹനം തട്ടി ഞങ്ങളുടെ കൻവാറിന് കേടുസംഭവിക്കുന്നു. ഡ്രൈവർമാർ അനുസരിക്കാത്തപ്പോൾ ഞങ്ങൾ തല്ലേണ്ടി വരും’ -മനോജ് ‘ദ ക്വിൻറി’നോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.