എം.കെ. രാഘവൻ

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -എം.കെ. രാഘവൻ

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.കെ രാഘവൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരസ്പരം പഴിചാരലുകൾ വേദനാജനകമാണ്. ദുരന്തത്തിന് മുമ്പ് മുന്നറിയിപ്പ് നൽകിയതായി കേന്ദ്ര സർക്കാരും ലഭിച്ചില്ലെന്ന് സംസ്ഥാന സർക്കാരും അവകാശപ്പെടുന്നു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വേദന മാറുന്നതിന് മുമ്പ് ഇത്തരം പഴിചാരലുകളല്ല മറിച്ച് മരണപ്പെട്ടവരുടെയും, ജീവിതകാലം മൊത്തം അധ്വാനിച്ച് നേടിയതെല്ലാം നഷ്ടപ്പെട്ടവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് ഇരു സർക്കാരുകളും ശ്രമിക്കേണ്ടെതന്നും ലോക്സഭയിലെ ശൂന്യവേളയിൽ സംസാരിക്കവേ എം.പി ചൂണ്ടിക്കാട്ടി.

ദുരന്തമുഖത്ത് ഇപ്പോഴും തിരച്ചിലും, രക്ഷാ പ്രവർത്തനങ്ങളും തുടരുകയാണ്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയിൽ 48 ശതമാനവും പശ്ചിമ ഘട്ടത്തോടനുബന്ധിച്ചാണ് സ്ഥിതി ചെയ്യുന്നത്. അവിടെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ഇത്തരം മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം കൃത്യമായി പ്രവചിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഐ.എം.ഡി മഴയുടെ അളവ് ഉൾപ്പെടെ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ കൈമാറാത്തതിനാൽ മണ്ണിടിച്ചിൽ പ്രവചിക്കേണ്ട ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ സംവിധാനങ്ങളുടെ പരാജയമാണ് വിളിച്ചോതുന്നത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യത്തെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ വിപുലീകരിക്കണം.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് മതിയായ സഹായം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം. ചില സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വയനാടിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫിന്റെ പ്രത്യേക ബറ്റാലിയനുകൾ അപകടമേഖലകൾക്ക് സമീപം വിന്യസിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - MK Raghavan urge Centre to declare Wayanad landslides a ‘national disaster’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.