ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ദൃശ്യ, അച്ചടി മാധ്യമങ്ങൾ പരാമർശങ്ങൾ നടത്തുന്നത് പൂർണമായും വിലക്കപ്പെട്ടതാണെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യക്കേസിൽ കോടതിയെ സഹായിക്കുന്നതിനായി ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്.
േകാടതിയലക്ഷ്യക്കേസിൽ പരിഗണിക്കേണ്ട കാര്യങ്ങൾ പുനഃക്രമീകരിച്ച് സമർപ്പിക്കാൻ കോടതി എ.ജിയോട് ആവശ്യപ്പെട്ടു. 2009ൽ തെഹൽക മാസികയിൽ പ്രസിദ്ധീകരിച്ച പ്രശാന്ത് ഭൂഷണിെൻറ അഭിമുഖത്തിൽ ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള കോടതിയലക്ഷ്യക്കേസാണ് കോടതി പരിഗണിച്ചത്. തെഹൽക എഡിറ്ററായിരുന്ന തരുൺ തേജ്പാലും കേസിൽ പ്രതിയാണ്.
നിലവിലെ കേസുകളിൽ ദൃശ്യ, അച്ചടി മാധ്യമങ്ങൾ പരാമർശങ്ങൾ നടത്തുന്നത് കോടതിയെ സ്വാധീനിക്കുന്നതിനാണ്. സുപ്രധാന കേസുകളിലെ ജാമ്യാപേക്ഷകളിൽ നടത്തുന്ന മാധ്യമറിപ്പോർട്ടുകൾ കുറ്റാരോപിതർക്ക് മാനഹാനിയുണ്ടാക്കും. റഫാൽ കേസിലെ മാധ്യമ റിപ്പോർട്ടുകൾ എ.ജി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് ചെയ്യാന്‍ പാടില്ലാത്തതാണെന്നും കോടതിയലക്ഷ്യമായിവരെ കണക്കാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇൗ വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുമായും കൂടിയാലോചന നടത്താൻ ഉദ്ദേശിക്കുന്നതായും കെ.കെ. വേണുഗോപാൽ അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസ് നവംബർ നാലിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.