ന്യൂഡല്‍ഹി: റാവൂസ് സിവിൽ സർവിസസ് പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറിയിൽ മലിനജലം ഒഴുകിയെത്തി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചതിനുപിന്നാലെ ഡൽഹിയിൽ ബുൾഡോസർ നടപടിയുമായി അധികൃതർ. തിങ്കളാഴ്ച ഓൾഡ് രജീന്ദർ നഗറിൽ മൂന്ന് ബുൾഡോസറുകളുമായെത്തിയ കോർപറേഷൻ അധികൃതർ മഴവെള്ളച്ചാലിന് മുകളിലുള്ള കയേറ്റങ്ങളടക്കം നീക്കി. പലയിടത്തും അനധികൃത നിർമാണം കണ്ടെത്തിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ നടപടി കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. റാവുസ് സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിനുമുന്നിലെ വിദ്യാർഥികളുടെ പ്രതിഷേധം തിങ്കളാഴ്ചയും തുടരുന്നതിനിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സ്ഥലം സന്ദർശിച്ച് വിദ്യാർഥി പ്രതിനിധികളുമായും കോർപറേഷൻ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആവർത്തിച്ചപ്പോൾ വിദ്യാർഥികൾ നീതിവേണമെന്ന മുദ്രാവാക്യം മുഴക്കി. ഓടപൊളിക്കുന്നതും കൈയേറ്റം നിരത്തുന്നതും തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. നൂറിലധികം പരിശീലന കേന്ദ്രങ്ങളാണ് ഓൾഡ് രജീന്ദർ നഗറിലും പരിസരത്തുമായി പ്രവർത്തിക്കുന്നത്. ഇതിൽ മിക്കയിടത്തും ലൈബ്രറികൾ ബേസ്മെന്റിലാണ്. സംഭവത്തെത്തുടർന്ന് നടപടിയെന്ന പേരിൽ ചെറുകിട പരിശീലന കേന്ദ്രങ്ങളുടെ ലൈബ്രറികൾ പൊലീസ് സീൽ ചെയ്തെങ്കിലും വൻകിടക്കാരെ ഒഴിവാക്കിയെന്ന് വിദ്യാർഥിയായ ശേഖർ വർമ പറഞ്ഞു. അപകടം നടന്നതിന് സമീപം മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. ഭൂവുടമകളും ഉദ്യോഗസ്ഥരുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട് അനധികൃത നിർമാണം പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച തങ്ങളെ ക്രൂരമായാണ് പൊലീസ് നേരിട്ടത്.
അതിനിടെ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്ത കാരണം അന്വേഷിക്കുന്ന സമിതി വിവിധ കേന്ദ്രങ്ങളിലുണ്ടായ വീഴ്ചയും പരിശോധിക്കും. റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കാനാണ് നിർദേശം. അപകടമുണ്ടായ സമയത്ത് ലൈബ്രറിയിൽ 30 വിദ്യാർഥികളുണ്ടായിരുന്നു. ഇവരിൽ 12 പേരെയാണ് രക്ഷപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ബാക്കിയുള്ളവരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്ന് സിവിൽ സർവിസ് പരിശീലനാർഥിയായ കഞ്ചൻ ശർമ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവത്തിൽ എറണാകുളം സ്വദേശി നെവിന് ഡാല്വിന് (28) അടക്കം മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി കൂടിയായിരുന്നു നെവിന്. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.