ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തിനിടെ നവ്രീത് സിങ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ. ദേഹത്ത് വെടിയേറ്റ പാടുണ്ടെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതായി നവ്രീതിന്റെ മുത്തച്ഛൻ ഹർദീപ് സിങ് ദിബ്ദിബ പറഞ്ഞു. എന്നാൽ ഇക്കാര്യം തങ്ങൾക്ക് പുറത്ത് പറയാൻ കഴിയില്ലെന്ന് ഡോക്ടർ അറിയിച്ചതായും 'ദി വയർ' ഓൺലൈൻ മാഗസിനോട് ഹർദീപ് പറഞ്ഞു. . മൃതദേഹത്തിന്‍റെ വിഡിയോ ദൃശ്യവും ഇവർ പുറത്തുവിട്ടു.
"വെടിയേറ്റ പരിക്ക് അവർ വ്യക്തമായി കണ്ടിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. വെടിയുണ്ട തറച്ച അടയാളം ദേഹത്ത് കണ്ടെങ്കിലും തങ്ങളുടെ 'കൈകൾ കെട്ടിയിട്ടിരിക്കുന്നതിനാൽ' ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് ഞങ്ങൾ നവ്രീതിന്റെ ശരീരം സമാധാനപരമായി സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വെടിയേറ്റ വിവരം പറയാതെ ഞങ്ങൾ വഞ്ചിക്കപ്പെട്ടു" -ഹർദീപ് സിങ് ആരോപിച്ചു.
അമിത വേഗതയിലെത്തിയ ട്രാക്ടർ ബാരിക്കേഡിൽ ഇടിച്ച് മറിയുന്ന വിഡിയോ പങ്കുവെച്ച്, ഇതാണ് മരണ കാരണമെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടിരുന്നു. കൂടാതെ, വെടിയേറ്റാണ് മരിച്ചതെന്ന് ആരോപിച്ച ശശി തരൂർ എം.പി, രാജ്ദീപ് സർദേശായി തുടങ്ങി എട്ടുപേർക്കെതിരെ രാജ്യേദ്രാഹ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പൊലീസ് വിശദീകരണം കർഷകർ പൂർണമായും തള്ളി. നവ്രീതിന് വെടിയേറ്റ് നിയന്ത്രണം നഷ്ടപ്പെട്ടാണ് ട്രാക്ടർ മറിഞ്ഞതെന്ന് ദൃക്സാക്ഷികളായ കർഷകകരെ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്തു. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ.
രാംപൂരിലെ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ജനുവരി 27ന് പുലർച്ചെ രണ്ടുമണിക്ക് മെഡിക്കൽ ഓഫിസർ തയ്യാറാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്നുണ്ടായ ഷോക്കും രക്തസ്രാവവുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ദേഹത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്ന പരാമർശം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഒന്ന് താടിയിലും മറ്റൊന്ന് ചെവിക്ക് പിന്നിലുമാണ്.
"ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബുള്ളറ്റ് എന്ന വാക്ക് നേരിട്ട് പരാമർശിച്ചിട്ടില്ല. നിലവിലെ ഭരണകൂട സാഹചര്യങ്ങൾ കണക്കിലെടുത്താൽ അവരെ കൊണ്ട് കഴിയുംവിധം അവർ എഴുതിയിട്ടുണ്ട്. ഞങ്ങൾ അഭിഭാഷകനെ വെച്ച് കോടതിയിൽ ഇക്കാര്യം തെളിയിക്കും' - ഹർദീപ് പറഞ്ഞു.
"മൃതദേഹം കണ്ട എല്ലാവർക്കും അത് വെടിയുണ്ടയേറ്റ പാടാണെന്ന് മനസ്സിലാകും. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരിലൊരാളും ഇത് വെടിയുണ്ടയേറ്റ പരിക്കാണെന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ഇത് എഴുതാൻ കഴിയില്ല" നവ്രീത്തിന്റെ പിതാവ് 46 കാരനായ വിക്രം രീത് സിങ് പറഞ്ഞു. "ഫെബ്രുവരി നാലിന് അന്ത്യകർമങ്ങൾ പൂർത്തിയാക്കും. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോകും" അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.