തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ അധ്യക്ഷതയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾ കറുത്ത വസ്ത്രം ധരിക്കരുതെന്ന പെരിയാർ സർവകലാശാലയുടെ ഉത്തരവ് വിവാദത്തിൽ. ബിരുദദാന ചടങ്ങുകളിൽ കറുത്ത വസ്ത്രം ധരിക്കരുതെന്നും വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങ് ബുധനാഴ്ച നടക്കും.
സേലം പൊലീസിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടവർ കറുത്ത വസ്ത്രം ധരിക്കുന്നതും മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി സർവകലാശാല രജിസ്ട്രാർ കെ. തങ്കവേലു സർക്കുലറിൽ പറഞ്ഞു.
എന്നാൽ, ഇത്തരമൊരു നിർദ്ദേശം വകുപ്പ് നൽകിയിട്ടില്ലെന്ന് സേലം പൊലീസ് കമ്മീഷണർ ബി. വിജയകുമാരി പറഞ്ഞു. പരിപാടി സമയത്ത് ശരിയായ സംരക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ കടമ. സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഞങ്ങൾ സർവകലാശാലയിലെത്തി, സർക്കുലറിൽ പറഞ്ഞതുപോലെ ഒന്നും പറഞ്ഞില്ലെന്നും വിജയകുമാരി പറഞ്ഞു.
തമിഴ്‌നാടിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഗവർണറോട് `തിരിച്ചു പോകണമെന്ന്' ആവശ്യപ്പെട്ട് ബുധനാഴ്ച സേലത്ത് കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് ദ്രാവിഡർ വിടുതലൈ കഴകം (ഡി.വി.കെ) പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർവകലാശാലയുടെ പ്രസ്താവന. ഗവർണറും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിൽ അടുത്ത കാലത്തായി അസ്വാരസ്യം നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.