ന്യൂഡൽഹി: 23 വർഷത്തിനിടെ 24 കുട്ടികൾക്ക് ജന്മം നൽകിയെന്ന് അവകാശപ്പെടുന്ന ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ അയോധ്യയിൽനിന്നുള്ള ഖുശ്ബു പഥക് എന്ന യുവതിയാണ് 23 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ 24 കുട്ടികൾക്ക് ജന്മം നൽകിയതായി വിഡിയോയിൽ പറയുന്നത്. രണ്ടു മുതൽ 18 വയസ്സുവരെയാണ് കുട്ടികളുടെ പ്രായമെന്നും ഇതിൽ ഇരട്ട കുട്ടികളുണ്ടെന്നും യുവതി പറയുന്നുണ്ട്.
യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകമാണ് ഈ വിഡിയോ വൈറലായത്. യുവതിയുടെ വാക്കുകൾകേട്ട് പലരും അദ്ഭുതം കൂറി. ഒടുവിൽ ഇതിന്‍റെ സത്യാവസ്ഥ തേടി ഏതാനും മാധ്യമപ്രവർത്തകർ അംബേദ്കർ നഗർ ജില്ലയിലെ രാംനഗർ ബ്ലോക്കിലുള്ള ഖുശ്ബുവിന്‍റെ വീട്ടീലെത്തി. ഇതോടെയാണ് യുവതി പറഞ്ഞത് വ്യാജമാണെന്ന് തെളിഞ്ഞത്. രണ്ടു കുട്ടികൾ മാത്രമാണ് യുവതിക്കുള്ളത്. യുവതിയുടെ ബാക്കിയുള്ള ‘22 കുട്ടികൾ’ വീടിനോട് ചേർന്ന് അവർ മക്കളെ പോലെ പരിപാലിച്ച് വളർത്തുന്ന ചെടികളായിരുന്നു.
ഈ ചെടികളെയാണ് യുവതി വിഡിയോയിൽ സ്വന്തം മക്കളെന്ന് വിശേഷിപ്പിക്കുന്നത്. യുവതിയുടെ റേഷൻ കാർഡിലും രണ്ടു കുട്ടികളുടെ പേരുകൾ മാത്രമാണുള്ളത്. സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ കൈയിൽ കിട്ടുന്നതെന്തും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായി ഈ വിഡിയോ. യുവതിയുടെ വാക്കുകൾ കേട്ട് വിശ്വസിച്ചവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവരും സത്യാവസ്ഥ പുറത്തുവന്നതോടെ പരിഹാസ്യരായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.