ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള കേസിൽ മുറാദാബാദ് പ്രത്യേക കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് മുതിർന്ന സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാന്റെ മകൻ അബ്ദുല്ല അഅ്സമിനും എം.എൽ.എ സ്ഥാനം നഷ്ടമായേക്കും. അഅ്സം ഖാനും കഴിഞ്ഞവർഷം കോടതിവിധിയെ തുടർന്ന് എം.എൽ.എ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
യു.പി റാംപൂർ സ്വർ മണ്ഡലത്തിലെ എം.എൽ.എയാണ് അബ്ദുല്ല അഅ്സം. 2008 ജനുവരിയിൽ ഇരുവരും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്. മുറാദാബാദിൽ ഇവരുടെ വാഹനം പൊലീസ് പരിശോധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സ്മിത ഗോസ്വാമിയാണ് തിങ്കളാഴ്ച അഅ്സം ഖാനും മകനും രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. 3,000 രൂപ വീതം പിഴയും അടക്കണം. ഇതിൽ അപ്പീൽ നൽകിയതിനെ തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.മുറാദാബാദ് കോടതി വിധിയുടെ പകർപ്പ് ലഭിച്ചശേഷം അയോഗ്യതക്കുള്ള നടപടി സ്വീകരിക്കുമെന്ന് യു.പി നിയമസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടു വർഷമോ അതിലധികമോ കാലം തടവുശിക്ഷ ലഭിക്കുന്ന സാമാജികരെ അയോഗ്യരാക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയുണ്ട്.
റാംപൂരിലെ സി.ആർ.പി.എഫ് ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നാലെ ഇരുവരുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞതിനെ തുടർന്നാണ് അഅ്സം ഖാനും അബ്ദുല്ല അഅ്സമും ദേശീയപാതയിൽ ധർണ നടത്തിയത്. ഇതിന് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിനിടെ തടഞ്ഞു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
വിദ്വേഷപ്രസംഗത്തിന്റെ പേരിൽ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചതിന്റെ പേരിലാണ് റാംപൂർ സദർ മണ്ഡലം എം.എൽ.എ ആയിരുന്ന അഅ്സം ഖാനെ കഴിഞ്ഞ ഒക്ടോബറിൽ അയോഗ്യനാക്കിയത്. തുടർന്ന് ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആകാശ് സക്സേന ഇവിടെ ഖാന്റെ സ്വന്തക്കാരനായ അസീം റാസയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.