അന്ന്​ കച്ചവടമില്ലാതെ പൊട്ടിക്കരഞ്ഞു; ഇന്ന്​ പെട്ടിക്കട നടത്തിയ അതേ തെരുവിൽ റസ്​റ്റോറന്‍റ് -ഇത്​ 'ബാബ കാ ധാബ'യുടെ വിജയകഥ

'കൊറോണ ഞങ്ങളുടെ ജീവിതം തകർത്തു. ഇന്ന്​ ഇതുവരെ ലഭിച്ചത്​ ആകെ അമ്പത്​ രൂപയാണ്​. ജീവിക്കാൻ വഴിയില്ല'- നിറകണ്ണുകളോടെ ഇതുപറയുന്ന ആ വയോധികൻെ വിഡിയോ ഓർമ്മയില്ലേ? സമൂഹ മാധ്യമങ്ങളിൽ വൈറലായ 'ബാബ കാ ധാബ' ഭക്ഷണശാലയുടെ ഉടമ കാന്താപ്രസാദ്​ ആയിരുന്നു അത്​. ഡൽഹിയിലെ മാളവ്യ നഗറിൽ 80കാരനായ കാന്താപ്രസാദും ഭാര്യ ബദാമി ദേവിയും ചെറിയ പെട്ടിക്കടയിൽ നടത്തിയിരുന്ന ഭക്ഷണശാല അതോടെ ഹിറ്റായി. അന്ന്​ പെട്ടിക്കട നടത്തിയ അതേ തെരുവിൽ ഇപ്പോൾ റസ്​റ്റോറന്‍റ്​ തുറന്നിരിക്കുകയാണ്​ കാന്താപ്രസാദ്​.

'ഞങ്ങൾ ഇന്ന്​ സന്തുഷ്​ടരാണ്​. ദൈവം ഞങ്ങളെ അനു​ഗ്രഹിച്ചു. ഞങ്ങളെ സഹായിച്ച നല്ലാവരായ ആളുകൾക്കെല്ലം നന്ദി. ഞങ്ങളുടെ റസ്​റ്റോറന്‍റ്​ സന്ദർശിച്ച്​ ഇവിടുത്തെ ഇന്ത്യൻ, ചൈനീസ്​ വിഭവങ്ങൾ ആസ്വദിക്കണമെന്ന്​ അവരോടെല്ലാം അഭ്യർഥിക്കുകയാണ്​' -പുതിയ റെസ്​റ്റോറന്‍റിലെ കൗണ്ടറിലിരുന്ന്​ കാന്താപ്രസാദ്​ പറഞ്ഞു.


ഒക്​ടോബറിലാണ്​ കൊറോണ തങ്ങളുടെ കച്ചവടത്തെ തകർത്തെന്നും ജീവിക്കാൻ വഴിയില്ലെന്നും കാന്തപ്രസാദും ഭാര്യയും നിറകണ്ണുകളോടെ പറയുന്ന വിഡിയോ വൈറലായത്. ഫുഡ് ബ്ലോഗർ ഗൗരവ് വാസൻ പകർത്തിയ വിഡിയോ ക്രിക്കറ്റ്​ താരം ആർ. അശ്വിനും ബോളിവുഡ്​ താരങ്ങളായ സോനം കപൂറും സുനിൽ ഷെട്ടിയും സ്വര ഭാസ്​കറും രവീണ ടണ്ടനുമൊക്കെ പങ്കുവെച്ചതോടെ ട്വിറ്ററിലും മറ്റ്​ സമൂഹ മാധ്യമങ്ങളിലും 'ബാബ കാ ധാബ' ട്രെന്‍റിങായി. മണിറുകൾക്കുള്ളിൽ കടയിൽ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്‍റെ ചിത്രങ്ങളും വിഡിയോയും ദിവസങ്ങളോളം വാർത്തകളിൽ നിറഞ്ഞു.

'ബാബ കാ ധാബയിൽ വന്നു ഭക്ഷണം കഴിക്കൂ' എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവച്ചത്. ഇത്​ കണ്ടവരിൽ ഭൂരിഭാഗവും കടയിലെത്തുന്നതിന്‍റെയും കാന്താപ്രസാദും ഭാര്യയും നിർത്താതെ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെയും വിഡിയോയും വൈറലായി. വന്നവരിൽ അധികവും ഇവരെ സഹായിക്കാനും മറന്നില്ല. ചിലർ ആയിരക്കണക്കിന്​ രൂപ നൽകി, ചിലർ കടയിലേക്ക്​ ആവശ്യമുള്ള സാധനങ്ങളും.

30 വർഷമായി താൻ കഷ്​ട​പ്പെട്ട്​ ചെറിയ ഭക്ഷണശാല നടത്തിയിരുന്ന തെരുവിലാണ്​ ഇന്ന്​ കാന്താപ്രസാദ്​ റസ്​റ്റോറന്‍റ്​ തുടങ്ങിയത്​. അതേസമയം, വില കുറച്ച്​ ദാലും ചോറും പൊറോട്ടയുമൊക്കെ നൽകിയിരുന്ന കടയിൽ നിന്നുള്ള തന്‍റെ വളർച്ചയിൽ അസൂയാലുക്കൾ നിരവധിയാണെന്നും അദ്ദേഹം പറയുന്നു. തന്നെ വധിക്കുമെന്നും കട കത്തിച്ച്​ ചാമ്പലാക്കുമെന്നുമൊക്കെ ഭീഷണിയുണ്ട്​. കുറച്ചുനാളുകളായി ചിലർ നിരന്തരം ഫോണിൽ വിളിച്ച്​ ഭീഷണിപ്പെടുത്തുകയാണെന്ന്​ കാന്താപ്രസാദ്​ മാളവ്യ നഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.



കാന്താപ്രസാദിന്‍റെ വിഡിയോ വൈറലാക്കിയ ഫുഡ് ബ്ലോഗർ ഗൗരവ് വാസൻ ആണ്​ ഇതിന്​ പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ച്​ തനിക്കുവേണ്ടി സഹായം അഭ്യർഥിച്ച ഗൗരവ്​ സ്വന്തം അക്കൗണ്ട്​ നമ്പർ നൽകി സഹായധനമായി വന്ന ലക്ഷക്കണക്കിന്​ രൂപയാണ്​ തട്ടിയെടുത്തതെന്ന്​ കാന്താപ്രസാദ്​ പരാതിപ്പെടുന്നു. 25 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ട്​ തനിക്ക്​ ഗൗരവ്​ രണ്ട്​ ലക്ഷം രൂപ മാത്രമാണ്​ നൽകിയതെന്ന്​ അദ്ദേഹം ആരോപിക്കുന്നു. കാന്താപ്രസാദിന്‍റെ പരാതി പ്രകാരം പൊലീസ്​ ഗൗരവനെതിരെ വഞ്ചനക്കുറ്റത്തിന്​ കേസെടുത്തിരുന്നു. അതിനിടെ, കാന്താപ്രസാദിനെ ആരൊക്കെയോ ചേർന്ന്​ തെറ്റിദ്ധിപ്പിച്ചതാണെന്നും സത്യം ഒരുനാളിൽ തെളിയുമെന്നുമാണ്​ ഗൗരവ്​ വാസൻ പറയുന്നത്​. 

Tags:    
News Summary - Baba Ka Dhaba owner Kanta Prasad starts new restaurant in Delhi's Malviya Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.