ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ വാദം കേൾ ക്കൽ തുടങ്ങുന്നതിന് വീണ്ടും തടസ്സം. കേസ് കേൾക്കുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിൽനിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. ഇൗ ഒഴിവിലേക്ക് പുതിയ ജഡ്ജിയെ നിശ്ചയിച്ച് വാദം കേൾക്കൽ ഇൗ മാസം 29ന് തുടങ്ങാൻ നിശ്ചയിച്ചു.
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ 1997ൽ കല്യാൺ സിങ് സർക്കാറിനു വേണ്ടി അഭിഭാഷകനെന്ന നിലയിൽ യു.യു. ലളിത് ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിെൻറ പിന്മാറ്റം.
യു.പി സെൻട്രൽ സുന്നി വഖഫ് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനാണ് കേസ് പരിഗണനക്കെടുത്തപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ബാബരി ഭൂമി തർക്കവുമായി ആ കേസിന് ബന്ധമില്ലെന്ന് ഹിന്ദു സംഘടനക്കുവേണ്ടി ഹാജരാവുന്ന അഡ്വ. ഹരീഷ് സാൽവേ വാദിച്ചു. ബെഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് യു.യു. ലളിതിനോട് കൂടിയാലോചിച്ച ചീഫ് ജസ്റ്റിസ് പക്ഷേ, മറിച്ചൊരു നിലപാടാണ് പറഞ്ഞത്. ജസ്റ്റിസ് ലളിത് മുമ്പ് ഹാജരായ കേസിന് പ്രധാന കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. ഭരണഘടന ബെഞ്ചിൽ ഇനി ഭാഗമാകരുതെന്നാണ് ജസ്റ്റിസ് ലളിതിെൻറ അഭിപ്രായം -ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിഷയം താൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും നിലപാട് ജസ്റ്റിസ് ലളിതിേൻറതാണെന്നും ധവാൻ വിശദീകരിച്ചു. തുടർന്ന് കേസ് 29ലേക്ക് മാറ്റുന്നതായി ബെഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് യു.യു. ലളിത് എന്നിവർക്കു പുറമെ, ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെ, എൻ.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഉണ്ടായിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ബാബരി കേസിൽ വിധി പറയാനുള്ള സാധ്യത മങ്ങുന്നതാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.