ലഖ്നോ: ബാബരി മസ്ജിദ് തകർത്തതിെൻറ 26ാം വാർഷികദിനമായ ഡിസംബർ ആറോടെ പ്രശ്നപരിഹാരത്തിനുള്ള കരട് നിർദേശം തങ്ങൾ തയാറാക്കുമെന്ന് ഉത്തർപ്രദേശ് ശിയ കേന്ദ്ര വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. കരട് തയാറാക്കുന്നതിെൻറ ഭാഗമായി തർക്കസ്ഥലം സന്ദർശിച്ചെന്നും ഋഷിമാരുമായും മഹന്ദുക്കളുമായും ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രശ്നപരിഹാരത്തെക്കുറിച്ച നിർദേശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
അയോധ്യയിൽ അധിവസിക്കുന്ന മുസ്ലിംകൾക്ക് ആവശ്യമായ പള്ളികൾ അവിടെയുണ്ടെന്നും പുതിയതിെൻറ ആവശ്യമില്ലെന്നും വസീം റിസ്വി പറഞ്ഞു. 2010ലെ അലഹബാദ് ഹൈകോടതി വിധിയിൽ 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവക്കായി നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇൗ വിഭജനം പ്രായോഗികമല്ലെന്നും ദീർഘകാല സമാധാന സ്ഥാപനത്തിന് ഉതകില്ലെന്നും റിസ്വി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം ആർട്ട് ഒാഫ് ലിവിങ് സ്ഥാപകൻ ശ്രീശ്രീ രവിശങ്കറിനെ സന്ദർശിച്ച റിസ്വി, പ്രശ്നപരിഹാരത്തിന് പിന്തുണ തേടിയിരുന്നു. തർക്കസ്ഥലത്ത് ക്ഷേത്രം പണിയണമെന്നും പരിസരത്തുള്ള ഏതെങ്കിലും മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മസ്ജിദ് നിർമിച്ചാൽ മതിയെന്നുമുള്ള അഭിപ്രായം രവിശങ്കറിനെ അറിയിക്കുകയും ചെയ്തു. തകർക്കപ്പെട്ട മസ്ജിദ് തങ്ങളുടേതാണെന്ന അവകാശവാദവുമായി ശിയ വഖഫ് ബോർഡ് നേരത്തേ രംഗത്തെത്തിയിരുന്നു. ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് കേസിൽ കക്ഷിയല്ലെന്നും അവർ പറഞ്ഞു.
എന്നാൽ, തങ്ങളുടെ അംഗീകൃത പ്രതിനിധികളാരും ശ്രീശ്രീ രവിശങ്കറിനെ സന്ദർശിച്ചിട്ടില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറും പേഴ്സനൽ ലോ ബോർഡ് അംഗവുമായ സഫര്യാബ് ജീലാനി വ്യക്തമാക്കി. ബാബരി പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കാനാവില്ല. മസ്ജിദ് നിന്ന സ്ഥലത്തിന്മേലുള്ള അവകാശവാദം തങ്ങൾ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.