ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി പള്ളി തകര്‍ത്തതില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന ആവശ്യം നാടകീയമായ ബെഞ്ച് മാറ്റത്തിനിടെ സുപ്രീംകോടതി തള്ളി. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതില്‍ എൽ. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍ തുടങ്ങി 20ല്‍പരം മുതിര്‍ന്ന ബി.ജെ.പി, സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരായ ഹരജികള്‍ വ്യാഴാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റിസ് പി.സി. ഘോസെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബാബരി മസ്ജിദ് ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്വയം മധ്യസ്ഥനാകാമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ വ്യക്തമാക്കിയതിന് പിറ്റേന്നാണ് ബാബരി ധ്വംസനക്കേസ് മറ്റൊരു ബെഞ്ചിെൻറ പരിഗണനക്ക് വന്നത്. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാനും പി.സി ഘോസെയും അടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, ബെഞ്ചില്‍ മാറ്റം വരുത്തിയ സുപ്രീംകോടതി ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാനെ വേറൊരു ബെഞ്ചിലാക്കി അതിന് പകരം ദീപക് ഗുപ്തയെ ഈ ബെഞ്ചിലിരുത്തി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉന്നത സംഘ് പരിവാര്‍ നേതാക്കളെ ഗൂഢാലോചനാക്കുറ്റത്തില്‍നിന്ന് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഒഴിവാക്കാനാകില്ലെന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ വ്യക്തമാക്കിയിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ നടത്തിയ നീക്കത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റിസ് നരിമാനൊപ്പം അന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് പി.സി ഘോസെ മേയ് അഞ്ചിന് സുപ്രീംകോടതിയില്‍നിന്ന് വിരമിക്കുകയുമാണ്.
ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് വേണ്ടി ഹാജരായ അഡ്വ. കെ.കെ വേണുഗോപാൽ, കേസ് നാലാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. നാലാഴ്ച കഴിയുമ്പോഴേക്ക് മേയ് ആകുമല്ലോ എന്ന് ഓര്‍മിപ്പിച്ച ജസ്റ്റിസ് പി.സി. ഘോസെ ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ബാബരി മസ്ജിദ് പൊളിച്ച കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ തനിക്കൊപ്പമുള്ള ജസ്റ്റിസ് നരിമാന്‍ ഇന്നില്ല. അദ്ദേഹം നാളെ ബെഞ്ചില്‍ വരും. നാളെയായിരിക്കും കേസ് പരിഗണിക്കുകയെന്നും ജസ്റ്റിസ് ഘോസെ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ആറിനാണ് എൽ.കെ. അദ്വാനി, മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍ അശോക് സിംഗാൾ, സാധ്വി ഋതംഭര, വി.എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, സതീശ് പ്രധാന്‍, സി.ആര്‍ ബന്‍സൽ, ആര്‍.വി വേദാന്തി, പരമഹംസ് രാം ചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള പ്രമുഖ ബി.ജെ.പി, വി.എച്ച്.പി നേതാക്കളെ ഗൂഢാേലചനക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയത് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ രോഹിങ്ടണും ഘോസെയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
ഈ കേസില്‍ പല പ്രത്യേകതകളും കാണുന്നുണ്ടെന്ന് ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചിരുന്നു. സാങ്കേതിക കാരണം പറഞ്ഞ് ആളുകളെ കുറ്റമുക്തരാക്കാന്‍ കഴിയില്ല. എന്തുകൊണ്ട് ഇവര്‍ക്കെതിരെ ഒരു സപ്ലിമെൻററി കുറ്റപത്രം സമര്‍പ്പിച്ചു കൂടാ എന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.