ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല. കോവഡ് കാലത്ത് കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് മഹാരാഷ്ട്ര തന്റെ വാക്കുകൾ കേട്ടത്.
മാസങ്ങൾക്കുള്ളിൽ ഇത്രയും സീറ്റുകളിൽ വിജയിക്കാൻ അവർക്ക് എങ്ങനെ സാധിച്ചു. ജനങ്ങൾ എന്നെയാണ് കേട്ടത്. മോദിയേയും അമിത് ഷായേയും അവർ കേട്ടില്ല. അവരെ കേൾക്കാതെ എങ്ങനെ അവർക്ക് വോട്ട് ചെയ്യും.
മഹാവികാസ് അഘാഡിയുടെ റാലികൾക്കാണ് കൂടുതൽ ജനങ്ങൾ എത്തുന്നത്. ആരാണ് യഥാർഥ ശിവസേനയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കഴിഞ്ഞ കുറേ വർഷമായി തങ്ങൾക്ക് ചിഹ്നമില്ലെന്നും ഉദ്ധവ് താക്കെറെ കുറ്റപ്പെടുത്തി.
വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ഒരു രാജ്യം ഒരു പാർട്ടിയെന്ന് മുദ്രവാക്യംമുഴക്കിയിരുന്നു. അതേപാതയിലാണ് രാജ്യം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയേയും ശരദ് പവാർ പക്ഷ എൻ.സി.പിയേയും ഏറെ പിന്നിലാക്കിയാണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്കും അജിത് പവാർ പക്ഷ എൻ.സി.പിക്കും വൻ വിജയം നേടിയത്.
57 സീറ്റിൽ ഷിൻഡെ പക്ഷവും 41 സീറ്റിൽ അജിത് പക്ഷവും ജയിച്ചു. ഉദ്ധവ് പക്ഷത്തിന് 20 സീറ്റിലും പവാർ പക്ഷത്തിന് 10ലുമാണ് ജയിക്കാനായത്. 2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാറിനെ അട്ടിമറിച്ച്, ശിവസേനയേ പിളർത്തി ബി.ജെ.പിക്ക് ഒപ്പം പോകുമ്പോൾ ഷിൻഡെക്കൊപ്പം 40 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. പിന്നീട് എൻ.സി.പി പിളർത്തി അജിത് പോയതും 40 എം.എൽ.എമാരുമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.