ബാബരി തകർത്ത കേസ്: അദ്വാനി, ഉമാഭാരതി തുടങ്ങിയ പ്രതികളെ വിട്ടതിനെതിരായ ഹരജി ആഗസ്റ്റ് ഒന്നിന് പരിഗണിക്കും

ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, ഉമാഭാരതി തുടങ്ങിയവർ ഉൾപ്പെടെയുള്ള 32 പ്രതികളെ വെറുതെവിട്ടതിനെതിരെ നൽകിയ പുനഃപരിശോധന ഹരജി അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ആഗസ്റ്റ് ഒന്നിന് പരിഗണിക്കും. അയോധ്യ സ്വദേശികളായ ഹാജി മഹ്മൂദ് അഹ്മദ്, സയിദ് അഖ്‍ലാഖ് അഹ്മദ് എന്നിവരാണ് ഹരജി നൽകിയത്. എന്നാൽ, പുനഃപരിശോധന ഹരജി നിലനിൽക്കില്ലെന്നും ഇത് ക്രിമിനൽ അപ്പീലായാണ് പരിഗണിക്കുകയെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് പറഞ്ഞു.

ഹരജി ജൂലൈ 11ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ, പരാതിക്കാരുടെ അഭിഭാഷകരുടെ ആവശ്യപ്രകാരം ഇത് നീട്ടുകയായിരുന്നു. വാദം കേൾക്കൽ ഇനി നീട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരായ വിചാരണയിൽ സാക്ഷികളായ തങ്ങൾ കലാപത്തിന്റെ ഇരകളാണെന്നും ഹരജിക്കാർ ബോധിപ്പിച്ചിരുന്നു.

1992 ഡിസംബർ ആറിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. നീണ്ട നിയമയുദ്ധത്തിന് ശേഷം 2020 സെപ്റ്റംബർ 30നാണ് സി.ബി.ഐ പ്രത്യേക കോടതി എൽ.കെ. അദ്വാനി, യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള 32 പ്രതികളെ വെറുതെവിട്ടത്.

Tags:    
News Summary - Babri Masjid case: Allahabad HC to hear plea against acquittal of 32 accused, including BJP leader LK Advani on Aug 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.