ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർക്കെതിരെ ലഖ്നോവിലെ പ്രത്യേക സി.ബി.െഎ കോടതി ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി. കുറ്റമുക്തരാക്കിയത് റദ്ദാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശപ്രകാരമാണിത്. ഇവർ നൽകിയ വിടുതൽ ഹരജി സി.ബി.െഎ കോടതി തള്ളി. അതേസമയം, 50,000 രൂപ വരെയുള്ള സ്വന്തം ബോണ്ടിൽ എല്ലാവർക്കും ജാമ്യം അനുവദിച്ചു.
മുൻ നിർദേശപ്രകാരം അദ്വാനിയടക്കം പ്രതികളായ എല്ലാവരും ലഖ്നോ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. പള്ളി പൊളിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്നും കർസേവകരെ തടയാൻ ശ്രമിക്കുകയാണ് യഥാർഥത്തിൽ ചെയ്തതെന്നും അതുകൊണ്ട് വിട്ടയക്കണമെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല.
അദ്വാനി (89), മുരളി മനോഹർ ജോഷി (83), കേന്ദ്രമന്ത്രി കൂടിയായ ഉമാഭാരതി (58), വിനയ് കത്യാർ (62), വി.എച്ച്.പി നേതാവ് വിഷ്ണുഹരി ഡാൽമിയ (88), ഹിന്ദുത്വ നേതാവ് സാധ്വി ഋതംബര (53) എന്നിവർെക്കതിരെയാണ് ഇന്ത്യൻ ശിക്ഷനിയമം 120 (ബി) പ്രകാരം ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.
ബാബരി മസ്ജിദ് െപാളിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് കോടതി പരിഗണിക്കുന്നത്. രണ്ടാമത്തെ കേസിലെ ആറു പ്രതികൾ ഇവരാണ്: രാംവിലാസ് വേദാന്തി, വൈകുണ്ഠ്ലാൽ ശർമ, ചമ്പത്ത്റായ് ബൻസൽ, മഹന്ത് നൃത്യഗോപാൽ ദാസ്, ധരംദാസ്, സതീഷ് പ്രധാൻ. ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ച ഗൂഢാലോചനകൾ മുൻനിർത്തിയാണ് ഇവർക്കെതിരായ കേസ്. അദ്വാനിക്കും മറ്റുമെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കുറ്റവിചാരണ നടത്താൻ ഏപ്രിൽ 19നാണ് സുപ്രീംകോടതി നിർദേശിച്ചത്. ദിവസേന വിചാരണ നടത്തി രണ്ടു വർഷത്തിനകം വിധി പറയണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ച്, കേസ് നീട്ടിവെക്കണമെന്ന ആവശ്യം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികളായ 12 പേർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രകാരം കിട്ടാവുന്ന പരമാവധി ശിക്ഷ അഞ്ചു വർഷം തടവോ പിഴയോ, രണ്ടും കൂടിയോ ആണ്. ദേശീയോദ്ഗ്രഥനത്തിന് വിഘാതമാവുന്ന പ്രസ്താവനകൾ, ആരാധനാലയം തകർക്കൽ, മതവികാരം വ്രണപ്പെടുത്തൽ, പ്രകോപനപരമായ പ്രസ്താവനകൾ, കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി ഒത്തുചേരൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. കുറ്റം ചുമത്തുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.
പള്ളി പൊളിക്കുന്നതിൽ പെങ്കാന്നും അവർക്കില്ലെന്ന വാദം പക്ഷേ, കോടതി തള്ളി. ജാമ്യം കൊടുക്കരുതെന്ന് സി.ബി.െഎ വാദിച്ചതും കോടതി അംഗീകരിച്ചില്ല.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കുറ്റം തയാറാക്കുന്നതിന് കോടതിയിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ 25, 26 തീയതികളിൽ അദ്വാനിയും ജോഷിയും ഉമാഭാരതിയും ഹാജരായില്ല.
കേസ് നീട്ടിവെക്കാനോ ഹാജരാവുന്നതിൽനിന്ന് ഇളവു നൽകാനോ ഉള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് ഇതേതുടർന്ന് ജഡ്ജി എസ്.കെ. യാദവ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.