ഹൈദരാബാദ്: അക്ബർബാഗിലെ കടകളുടെ ഷട്ടറിലാണ് ബാബറി മസ്ജിദ് തകർത്തതിന്റെ പ്രതികാരം എന്നെഴുതിയ നിലയിൽ കണ്ടത്. ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിനെതിരെ ചാദർഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉജാലെ ഷാ ഗ്രൗണ്ടിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കടയുടെ ഏതാനും ഷട്ടറുകളിൽ “ബ്ലാക്ക് ഡേ! ഓ ബാബരി, പ്രതികാരം ബാക്കിയുണ്ട്, പോരാട്ടം തുടരും.” എന്നാണ് കറുത്ത പെയിന്റ് കൊണ്ട് എഴുതിയിരിക്കുന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ സുദർശൻ ഗൗഡാണ് ഷട്ടറിലെ എഴുത്ത് കണ്ടതെന്ന് പൊലീസ് പറയുന്നു.
വർഗീയ സംഘർഷവും ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമത്തിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐ.പി.സി സെക്ഷൻ 153 എ, 505 (2) പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
1992 ഡിസംബർ ആറിനാണ് ഉത്തർപ്രദേശിലെ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. തകർക്കപ്പെട്ട ദിനം ചില സംഘടനകൾ ഇപ്പോഴും കറുത്ത ദിനമായി ആചരിക്കുന്നുണ്ട്. ബാബരി മസ്ജിദ് ഓർമദിനത്തിന് രണ്ടാഴ്ച മുൻപ് ഇത്തരം ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് സംഘടനകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.