പട്ന: അമ്മ മരിച്ചതറിയാതെ മൃതദേഹം മൂടിയ തുണി പിടിച്ച്വലിച്ച് എഴുന്നേൽപിക്കാൻ ശ്രമിക്കുകയാണ് ആ പിഞ്ചുകുഞ്ഞ്. ബീഹാറിലെ മുസഫർപുറിലെ റെയിൽവേ സ്റ്റേഷനിലാണ് ആരുടെയും കരളലിയിക്കുന്ന ഈ കാഴ്ച. സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. കുഞ്ഞ് വസ്ത്രം പിടിച്ചുവലിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ല. എന്നിട്ടും അവൻ ശ്രമം ഉപേക്ഷിക്കുന്നുമില്ല.
കടുത്ത ചൂടും വിശപ്പും ദാഹവും സഹിക്കാനാവാതെയാണ് ആ അമ്മ മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രത്യേക ട്രെയിനിൽ 23കാരിയായ അമ്മയും കുഞ്ഞും ഈ സ്റ്റേഷനിലെത്തിയത്. യാത്രയിൽ അമ്മക്കും കുഞ്ഞിനും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഗുജറാത്തിൽ നിന്ന് അവർ ട്രെയിനിൽ കയറിയത്. തിങ്കളാഴ്ച മുസഫർപൂറിലെത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആെരാക്കെയോ ചേർന്ന് മൃതദേഹം പ്ലാറ്റ്ഫോമിലേക്ക് കിടത്തി. ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. അവരുടെ മകൻ അപ്പോഴും അരികിലിരുന്ന് കളിക്കുകയായിരുന്നു. മറ്റൊരു കുട്ടി അവനെ വിളിച്ചു െകാണ്ടുപോകുന്നതു വരെ അവരെ ഉണർത്താൻ ശ്രമിച്ചു. സഹോദരിക്കും ഭർത്താവിനും മക്കൾക്കുമൊപ്പം കൈതാറിലേക്കാണ് ഇവർ യാത്ര ചെയ്തിരുന്നത്.
ദിവസങ്ങൾക്കു മുമ്പും ഇതേ സ്റ്റേഷനിൽ രണ്ടുവയസു പ്രായമുള്ള കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂട് അതിജീവിക്കാനാവാതെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് ആ കുട്ടിയുടെ കുടുംബം സ്റ്റേഷനിൽ വന്നിറങ്ങിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് ദാരുണമായി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.