മുംബൈ: കുടുംബ കാരണവരും രാഷ്ട്രീയ ഗുരുവുമായ ശരദ് പവാറിനെതിരായ സ്വന്തം മുന്നണിയിലെ നേതാവിന്റെ മോശം പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മഹായുതി സഖ്യ കക്ഷിയായ റായത് ക്രാന്തി സംഘടന അധ്യക്ഷനും മുൻമന്ത്രിയുമായ സാദാഭാഉ ഖോതിന് എതിരെയാണ് അജിത് രംഗത്തുവന്നത്.
ശരദ് പവാർ മഹാരാഷ്ട്രയുടെ മുഖച്ഛായ മാറ്റുമെന്നാണ് പറയുന്നതെന്നും അദ്ദേഹത്തിന്റെ മുഖംപോലെ വികൃതമാക്കുമെന്നാണോ അതിന്റെ അർഥമെന്നുമാണ് സാദാഭാഉ പ്രസംഗിച്ചത്. മറ്റൊരു ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുള്ള വേദിയിലായിരുന്നു പരാമർശം. സാദാഭാഉവിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ‘എക്സി’ലൂടെയായിരുന്നു അജിത് പവാറിന്റെ ആദ്യ പ്രതിഷേധം.
അനാവശ്യവും പ്രതിഷേധാർഹവും ക്ഷമിക്കാനാകാത്തതുമാണ് സാദാഭാഉ ഖോതിന്റെ പ്രസ്താവനയെന്ന് അജിത് കുറിച്ചു. സാദാഭാഉവിനെ നേരിൽ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. മേലിൽ ആവർത്തിക്കില്ലെന്ന് സാദാഭാഉ ഉറപ്പുനൽകിയതായി അജിത് പിന്നീട് പറഞ്ഞു. സാദാഭാഉവും പരസ്യമായി മാപ്പുചോദിച്ചു. ബരാമതിയിൽ പവാറും അജിതും തമ്മിൽ ശക്തമായ പോരടിക്കുന്നതിനിടെയാണ് സാദാഭാഉവിന്റെ മോശം പ്രസ്താവനയും അജിതിന്റെ പ്രതിഷേധവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.