ഗോഹട്ടി: ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികൾ സന്ദർശിക്കുന്ന ഹിന്ദുക്കളെ മർദ്ദിക്കുമെന്ന് ബജ്രംഗ്ദൾ നേതാവിന്‍റെ പ്രഖ്യാപനം. അസമിലെ കാച്ചർ ജില്ലയിലെ സിൽചാറിൽ ഈ ആഴ്ച ആദ്യം നടന്ന പരിപാടിയിലായിരുന്നു ബജ്‌റംഗ്ദൾ ജില്ലാ യൂണിറ്റ് ജനറൽ സെക്രട്ടറി മിഥു നാഥിന്‍റെ ഭീഷണി.
മിഥുമാഥിന്‍റെ വിഡിയോ സന്ദേശം ഓൺലൈനിലൂടെയാണ് പ്രചരിക്കുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതിൽ താൻ പ്രകോപിതനാണെന്ന് മിഥു നാഥ് പറഞ്ഞു.
"അവർ നമ്മുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടിയതിനുശേഷവും പള്ളികൾ സന്ദർശിക്കുകയാണ് ഹിന്ദുക്കൾ. ഇവരെ ഞാൻ ശകാരിക്കുന്നു, അവരെ അടിക്കും. ഈ ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയിൽ പോകില്ല. ഞങ്ങൾ അത് ഉറപ്പ് വരുത്തും" മിഥു നാഥ് പറഞ്ഞു.
"ഞങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ (ഹിന്ദുക്കളെ ആക്രമിക്കുക) അടുത്ത ദിവസം പത്രങ്ങളിലെ പ്രധാനവാർത്തകൾ എന്താണെന്ന് എനിക്കറിയാം -"ഗുണ്ടാ ദൾ ഓറിയന്‍റൽ സ്കൂളിനെ ആക്രമിച്ചു" പക്ഷേ അതേക്കുറിച്ച് ഞങ്ങൾക്ക് വേവലാതിയില്ല. മിഥു നാഥ് പറഞ്ഞു.
70ഓളം വരുന്ന പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിഥുനാഥിന്‍റെ പ്രഭാഷണം. സിൽച്ചർ ക്രിസ്റ്റ്യൻ ന്യൂനപക്ഷ പ്രദേശമാണെങ്കിൽ പോലും അംബികപട്ടിയിലെ ഓറിയന്‍റൽ സ്കൂൾ കേന്ദ്രീകരിച്ച് ക്രിസ്മസ് അവധിയാഘോഷങ്ങൾ വലിയ തോതിൽ നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.