സുപ്രീംകോടതിയുടെ അന്തിമ വിധി വരെ ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക മന്ത്രി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ അന്തിമ വിധി വരെ കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനം തുടരുമെന്ന് മന്ത്രി ബി.സി നാഗേഷ്. വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഹിജാബിനും ബുർഖക്കുമെതിരെ ആഗോളതലത്തിൽ തന്നെ സമരം നടക്കുന്ന സാഹചര്യത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട വിധി പ്രതീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കർണാടക ഹൈകോടതിയുടെ ഇടക്കാല വിധി ബാധകമാണ്. ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂൾ പഠനം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അതേസമയം, ഹിജാബ് വിധിയുടെ പശ്ചാത്തലത്തിൽ ഉഡുപ്പിയിൽ സുരക്ഷ ശക്തമാക്കിയതായി എസ്.പി അക്ഷയ് ഹാക്കി അറിയിച്ചു. സെൻസിറ്റീവായ മേഖലകളിൽ സു​രക്ഷ ശക്തമാക്കിയതായി അദ്ദേഹം അറിയിച്ചു.

ഹിജാബിനെ ചൊല്ലി സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാർക്കിടയിലുണ്ടായ ഭിന്നതയെ തുടർന്ന് രണ്ട് വിപരീത വിധികൾ പുറപ്പെടുവിച്ച് കേസ് വിപുല ബെഞ്ചിന് വിട്ടിരുന്നു. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈകോടതി വിധി റദ്ദാക്കിയപ്പോൾ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ​ഹൈകോടതി വിധി ശരിവെച്ചു. തുടർന്ന് അഭിപ്രായ വൈവിധ്യങ്ങളുടെ വെളിച്ചത്തിൽ ഉചിതമായ നടപടിക്ക് വിഷയം ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് മുമ്പാകെ വെക്കുകയാണെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു. കേസ് വാദം കേട്ട നാൾ തൊട്ട് ഹിജാബ് വിഷയത്തിൽ പ്രകടമായ അഭിപ്രായ ഭിന്നതയാണ് അവസാനം വിധിയിലും പ്രതിഫലിച്ചത്.

ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ വിധിച്ചു. ആകെ കൂടി തന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യം. ഹിജാബ് ഇസ്‍ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ലെന്ന് ജസ്റ്റിസ് ധുലിയ തന്റെ വിധിപ്രസ്താവനയിൽ വ്യക്തമാക്കി. കർണാടക ഹൈകോടതിയുടെ ഈ വഴി തെറ്റാണ്. യഥാർഥത്തിൽ ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണിത്. ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ഇതിനുത്തരം നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ആദ്യനാൾ മുതൽ സംഘ് പരിവാർ നിലപാടിനെ ശക്തമായി പിന്തുണച്ച് ഇടപെട്ട ജസ്റ്റിസ് ഹേമന്ത് ഗുപ്ത 11 ചോദ്യങ്ങളുണ്ടാക്കി അവയുടെ എല്ലാം ഉത്തരങ്ങൾ ഹിജാബിന് അനുകൂലമായ വാദങ്ങൾക്ക് എതിരാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. ഹിജാബ് ഇസ്‍ലാമിലെ മൗലികാനുഷ്ഠാനങ്ങളിൽ​പ്പെടുമോ എന്ന കർണാടക ഹൈകോടതിയുടെ ചോദ്യം ആവർത്തിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സർക്കാർ ഉത്തരവ് ഭരണഘടനയുടെ 14, 19, 25 അനുഛേദങ്ങൾ ലംഘിക്കുന്നുണ്ടോ, സ്വകാര്യതക്കുള്ള അവകാശത്തിനെതിരാണോ തുടങ്ങിയ ചോദ്യങ്ങളുമുന്നയിച്ച് ഹിജാബ് വിലക്ക് ശരിവെക്കുകയായിരുന്നു.

Tags:    
News Summary - Ban on Hijabs in School to Continue Till SC's Final Verdict: Karnataka Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.