ബംഗളൂരു: കോഴിക്കോട്- മൈസൂരു പാതയിൽ (ദേശീയപാത-766) ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി മേൽപാലം നിർമിക്കണമെന്ന നിർദേശത്തിനെതിരെ കർണാടകയിൽ പ്രതിഷേധം തുടരുന്നു. വിവിധ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് കൺസർവേഷൻ മൂവ്മെൻറിെൻറ നേതൃത്വത്തിൽ ബംഗളൂരു ഫ്രീഡം പാർക്കിൽ ശനിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പരിസ്ഥിതി പ്രവർത്തകർക്ക് പുറമെ കർണാടകയിലെയും ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും പരിസ്ഥിതി സ്നേഹികളും വിദ്യാർഥികളും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരായ എൻ. ബാദുഷ, തോമസ് അമ്പലവയൽ തുടങ്ങിയവരും പ്രതിഷേധ സമരത്തിന് പിന്തുണയുമായെത്തി. പരിസ്ഥിതി പ്രവർത്തകരായ ജോസഫ് വൂവർ, തനൂജ, ആർ. ചക്രവർത്തി, മഞ്ജുനാഥ്, സുരേഷ് ഹെബ്ലിക്കർ, ജൂഡി ശിവരാമൻ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവ മേഖലയിൽ ഉൾപ്പെട്ട ബന്ദിപ്പൂരിന് നാശം സംഭവിച്ചാൽ അത് ദക്ഷിണേന്ത്യയെ മുഴുവനായും ബാധിക്കുമെന്ന് പരിസ്ഥിതി ആക്ടിവിസ്റ്റ് സുരേഷ് ഹെബ്ലിക്കർ പറഞ്ഞു. മേൽപാലം പദ്ധതിക്കെതിരെ കർണാടകയിൽ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന നാലാമത്തെ സമരമാണിത്.
ഒക്ടോബർ 27ന് ആഗസ്റ്റ് ‘സേവ് ബന്ദിപ്പൂർ, നൈറ്റ് ട്രാഫിക് ബേഡ’ എന്ന മുദ്രാവാക്യവുമായി രാത്രിയാത്ര നിരോധനം പിൻവലിക്കുന്നതിനെതിരെ ബന്ദിപ്പൂരിലെ മദ്ദൂർ െചക്ക്പോസ്റ്റിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിനുമുമ്പ് മൈസൂരുവിൽ രണ്ടു സമരവും നടന്നിരുന്നു. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതി നവംബറിൽ പരിഗണിക്കുന്നതിന് മുന്നോടിയായി, പ്രതിഷേധം കർണാടകത്തിൽ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് ബംഗളൂരുവിൽ സമരം നടത്തിയത്.
രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് മേൽപാല നിർമാണത്തിനുള്ള നിർദേശം കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം സമർപ്പിച്ചത്. മേൽപാലം പദ്ധതിക്കെതിരെ പ്രതിഷേധമുയർന്നതോടെ പദ്ധതിക്ക് സർക്കാർ എതിരാണെന്നും രാത്രിയാത്ര നിരോധനം പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. അതേസമയം, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ സേവ് ബന്ദിപ്പൂർ കാമ്പയിനും സജീവമായി. സേവ് ബന്ദിപ്പൂർ എന്ന ഫേസ്ബുക്ക് പേജിലൂടെ രാജ്യത്തിന് പുറത്തുനിന്നുള്ളവരും പിന്തുണയറിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരം യൂസുഫ് പത്താനും ബന്ദിപ്പൂരിലെ മേൽപാലം പദ്ധതിക്കെതിരെ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.