മുംബൈ: മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പതു പേർക്ക് പരിക്ക്. തിരക്കേറിയ ബാന്ദ്ര ടെർമിനസിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. റിസർവേഷൻ ഇല്ലാത്ത 22921 ബാന്ദ്ര-ഗോരഖ്പൂർ അന്ത്യോദയ എക്‌സ്പ്രസിൽ കയറാനുള്ള തിരക്കിലാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അപകടത്തിന്റെ വിഡിയോകളാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ദീപാവലിക്കും ഛാത്ത് പൂജക്കും നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരാൽ സ്റ്റേഷൻ നിറഞ്ഞിരുന്നു. രാത്രി 2.45ഓടെ ട്രെയിൻ ബാന്ദ്ര ടെർമിനസ് യാർഡിൽനിന്ന് ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങവെ ഓടുന്ന ട്രെയിനിലേക്ക് സീറ്റു പിടിക്കാനായി യാത്രക്കാർ കുതിച്ചു. യാത്രക്കാർ ഓടുന്നതും നിലവിളിക്കുന്നതും ചലിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ പരിക്കുകൾ പറ്റുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോകളിൽ കാണാം.
കാലിന് പരിക്കേറ്റ ഒരാൾ വാതിലിനോട് അമർന്ന് കിടക്കുമ്പോൾ പോലും ആളുകൾ ട്രെയിനിലേക്ക് ബലമായി കയറുന്നത് തുടർന്നു. ഒരു കോൺസ്റ്റബിൾ പരിക്കേറ്റ യാത്രക്കാരനെ തോളിൽ കയറ്റിയോടുന്നതും മറ്റൊരു ഉദ്യോഗസ്ഥൻ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുണി സ്‌ട്രെച്ചർ ആക്കി ഒരുക്കുകയും ചെയ്യുന്നതും കാണാം. പ്രദേശവാസികളും മറ്റ് യാത്രക്കാരും പരിക്കേറ്റവരെ സഹായിക്കാൻ ചേർന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓടുന്ന ട്രെയിനുകളിൽ കയറുകയോ അതിൽനിന്ന് ഇറങ്ങുകയോ ചെയ്യരുതെന്ന് യാത്രക്കാരോട് വെസ്റ്റേൺ റെയിൽവേ അഭ്യർത്ഥിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിമർശിച്ച ശിവസേന എം.പി സഞ്ജയ് റാവത്ത് മുംബൈയിലെ യാത്രക്കാരെ റെയിൽവെ അവഗണിച്ചുവെന്ന് ആരോപിച്ചു. ‘മുംബൈ നഗരം കേന്ദ്രസർക്കാരിന് പരമാവധി വരുമാനം നൽകുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാർക്ക് ഇവിടെ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല’ -മുംബൈയുടെ സംഭാവനകളും അതിന് ലഭിക്കുന്ന സൗകര്യങ്ങളും തമ്മിലുള്ള അസമത്വം ചൂണ്ടിക്കാട്ടി റാവത്ത് വിമർശിച്ചു.
‘റീൽ മന്ത്രി ഒരിക്കൽ ഒരു റെയിൽ മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ബാന്ദ്രയിലെ സംഭവം ഇപ്പോഴത്തെ റെയിൽവേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് പ്രതിഫലിപ്പിക്കുന്നു. അശ്വിനി വൈഷ്ണവ് ജിയെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് വേണ്ടി ബി.ജെ.പിയുടെ ‘പ്രഭാരി’യാക്കി. എന്നിട്ടും എല്ലാ ആഴ്ചയും റെയിൽവേയിൽ അനിഷ്ട സംഭവങ്ങളും അപകടങ്ങളും ഉണ്ടാകുന്നത് നാണക്കേടാണ്. ഇത്തരത്തിൽ കഴിവുകെട്ട മന്ത്രിമാരുടെ കീഴിൽ കഴിയാൻ നമ്മുടെ രാജ്യം നിർബന്ധിതരായി -ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.