ബംഗളൂരു: യൂറോപ് യാത്ര കഴിഞ്ഞ് ദമ്പതികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്. വീട്ടിലെ പൂജാമുറിയുടെ ഫാനിൽ ഒരു കവർച്ചക്കാരൻ തൂങ്ങി മരിച്ച നിലയിൽ. രക്ഷപ്പെടാൻ ഏറെ വഴികളുണ്ടായിട്ടും കള്ളൻ എന്തിനാണ് ഇവിടെ തൂങ്ങിമരിച്ചതെന്ന സംശയം പൊലീസിനെയും കുഴക്കുന്നു.
ഇന്ദിരാനഗറിലെ ഈശ്വർ നഗറിലെ വീട്ടിലാണ് സംഭവം. 46കാരനായ അസം സ്വദേശി ദിലീപ് ബഹദൂർ എന്ന ദിലീപ് കുമാറാണ് മരിച്ചത്. വീട്ടുടമസ്ഥനായ സോഫ്റ്റ്വെയർ ആർക്കിടെക്ചർ ശ്രീധർ സാമന്തറോയും ഭാര്യയും സെപ്റ്റംബർ 20നാണ് യൂറോപ് യാത്രക്കായി പുറപ്പെട്ടത്. ഒക്ടോബർ 20ന് പുലർച്ചെ 4.30ന് തിരിച്ചെത്തി. താക്കോൽ ഉപയോഗിച്ച് വീട് തുറക്കാനാകാത്തതിനെ തുടർന്ന് ആശാരിയെ വിളിച്ച് വാതിൽ തുറന്നു. പിറകിലെ വാതിലും തുറന്നു കിടന്നത് കണ്ടതോടെ ശ്രീധർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തും മുമ്പേ സ്വകാര്യ സുരക്ഷാജീവനക്കാരെത്തി ജനൽ വഴി പൂജാമുറിയിൽ കടന്നു. അപ്പോഴാണ് മോഷ്ടാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. ഭവന മോഷണക്കേസുകളിലടക്കം നേരത്തേ പ്രതിയാണ് മരിച്ച ദിലീപ് കുമാർ. നേരത്തേ ഇയാൾ ജെ.ബി നഗറിലെ കോടിഹള്ളിയിലായിരുന്നു താമസം. രക്ഷപ്പെടാൻ ഏറെ മാർഗങ്ങൾ ഉണ്ടായിട്ടും ഇയാൾ എന്തിനാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തതെന്ന ദുരൂഹത മാറിയിട്ടില്ല. പൊലീസ് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.