ശ്രീനഗർ: ജീവിതത്തിനൊപ്പം പഠനവും ത്രിശങ്കുവിലായ നാളുകളിലാണ് ആ ഇരട്ട സഹോദരന്മാർ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ദൃഢനിശ്ചയം ചെയ്തത്. ജമ്മുകശ്മീർ എന്ന സംസ്ഥാനം തന്നെ ഇല്ലാതായ നാളുകളിലെ സംഘർഷഭരിതമായ ദിവസങ്ങൾ. പിന്നാലെ, മഹാമാരി ഉയർത്തിയ പ്രതിസന്ധികളുടെ ഭാരം. ഡോക്ടറാവണമെന്ന ആഗ്രഹം ഒരേപോലെ മനസ്സിൽ സൂക്ഷിച്ച കൂടപ്പിറപ്പുകൾ -ശാക്കിർ ബഷീറും ഗൗഹർ ബഷീറും- ഉറച്ചുതന്നെയായിരുന്നു. വെല്ലുവിളികളുടെ ആ നടുക്കയത്തിലും നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തിലേക്ക് അവർ കഠിനാധ്വാനം ചെയ്തു. ഒടുവിൽ നീറ്റ് പരീക്ഷാഫലം വന്നപ്പോൾ 720ൽ 651ഉം 657ഉം മാർക്കുമായി ഈ ഇരട്ടകൾ എം.ബി.ബി.എസിന് അഡ്മിഷൻ ഉറപ്പാക്കി ബാരാമുല്ലയുടെ അഭിമാനമായി.
ബാരാമുല്ലയിലെ കുൻസർ താങ്മാർഗ് സ്വദേശികളായ ഇരുവരും പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ്. ഒരു കടയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് ഇവരുടെ പിതാവ്. പ്രാരബ്ധങ്ങൾ പക്ഷേ, പഠിക്കാനുള്ള മിടുക്കിന് വിലങ്ങുതടിയായില്ല.
ഇതു രണ്ടാം ശ്രമത്തിലാണ് ശാക്കിറും ഗൗഹറും നീറ്റിെൻറ കടമ്പ പിന്നിടുന്നത്. '2019ൽ ഞങ്ങൾ രണ്ടുപേരും നീറ്റ് എഴുതിയിരുന്നു. പക്ഷേ, എം.ബി.ബി.എസ് നേടാനായില്ല. ബി.ഡി.എസിനാണ് രണ്ടുപേർക്കും സെലക്ഷൻ കിട്ടിയത്. േജായിൻ ചെയ്യേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ, ജെ.ഇ.ഇ മെയിൻസ് എക്സാമിൽ മികവു കാട്ടാനായി. ശ്രീനഗർ എൻ.ഐ.ടിയിൽ ഞങ്ങൾക്ക് പ്രവേശനവും കിട്ടി.' ശാക്കിർ പറഞ്ഞു. ഇരുവരും ബി.ടെക്കിന് എൻ.ഐ.ടിയിൽ എൻറോൾ ചെയ്ത ശേഷമാണ് ഇപ്പോൾ അത്യാഹ്ലാദവുമായി നീറ്റ് പരീക്ഷയുടെ ഫലമെത്തിയത്.
എൻ.ഐ.ടിയിൽ പഠനം തുടങ്ങിയശേഷമാണ് മക്കൾ ഡോക്ടറായിക്കാണണമെന്ന പിതാവിെൻറ ആഗ്രഹം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യവും മുൻനിർത്തി ഇരുവരും കൂടുതൽ തയാറെടുപ്പോടെ ഇക്കുറി 'നീറ്റി'നിരുന്നത്. ആദ്യശ്രമത്തിലെ തിരിച്ചടി, ഏതുവിധേനയും ലക്ഷ്യം നേടണമെന്ന തങ്ങളുടെ ആഗ്രഹത്തിന് കരുത്തു പകർന്നതായും ശാക്കിർ പറയുന്നു. പിതാവിെൻറ സ്വപ്നം പൂവണിയുമെന്നതിലാണ് തങ്ങൾക്ക് ഏറെ സന്തോഷമെന്ന് ഇരുവരും പറയുന്നു.
ജമ്മുകശ്മീരിൽനിന്ന് 20000ലേറെ വിദ്യാർഥികളാണ് ഇക്കുറി നീറ്റ് പരീക്ഷയെഴുതിയത്. പുൽവാമയിൽനിന്നുള്ള ബാസിത് ബിലാൽ ഖാൻ 695 മാർക്കുമായി മികച്ച വിജയം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.