മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ അറബിക്കടലിൽ ബാർജ് മുങ്ങി മരിച്ചവരിൽ മൂന്ന് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി കല്ലിക്കണി മേലെ വെള്ളേരി സുധാകരൻ-ദേവയാനി ദമ്പതികളുടെ മകൻ സുമേഷ് (31), തൃശൂർ വടക്കാഞ്ചേരി നഗരസഭ മുണ്ടത്തിക്കോട് മേഖലയിലെ പുതുരുത്തിയിൽ മുനപ്പി വീട്ടിൽ തങ്കപ്പെൻറ മകൻ അർജുൻ മുനപ്പി (38), കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്ത് എഡ്വിൻ ഡാനിയേലിെൻറ മകൻ ആൻറണി എഡ്വിൻ (27) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച നാവിക സേന രണ്ട് മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തതോടെ അഞ്ച് മലയാളികൾ ഉൾപ്പെടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. രണ്ട് മലയാളികളടക്കം പി 305 എന്ന ബാർജിലെ 24 പേരെ ഇനിയും കണ്ടെത്താനുണ്ട്. കണ്ണൂർ ഏരുവേശ്ശി സ്വദേശി സനീഷ് ജോസഫാണ് കാണാതായവരിൽ ഒരാൾ. ഏരുവേശ്ശി വലിയപറമ്പിൽ താന്നിക്കൽ വീട്ടിൽ ജോസഫിെൻറയും നിർമലയുടെയും മകനാണ്. ഇതിനു പുറമെ ബാർജ് കെട്ടിവലിക്കാൻ ചെന്ന് കാണാതായ വരപ്രദ വെസലിലെ 11 പേരെ കുറിച്ചും വിവരങ്ങൾ ലഭ്യമല്ല.
അർജുൻ മുനപ്പിയുടെ മാതാവ്: ചന്ദ്രിക. ഭാര്യ: ആരതി (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, കൊൽക്കത്ത). ബോസ്റ്റഡ് കണ്ട്രോള് ആൻഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. ഭാര്യ: ദൃശ്യ. സഹോദരന് സുഭാഷ്. ഒക്ടോബറിൽ നാട്ടിലെത്തി മടങ്ങിയതായിരുന്നു. നാലുവർഷം മുമ്പാണ് ബി.ടെക് ബിരുദധാരിയായ ആൻറണി മുംബൈയിൽ ജോലിയിൽ പ്രവേശിച്ചത്.
രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. കോവിഡ് വ്യാപനം വർധിച്ചതോടെ ജോലിയിൽ തുടരുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ എഡ്വിെൻറയും വിമലയുടെയും മൂത്തമകനാണ് ആൻറണി. സഹോദരങ്ങൾ: ചാൾസ് (യു.എ.ഇ), ഡാനി. മൃതദേഹം പുത്തൻതുരുത്ത് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ഇതിനിടയിൽ, എൻജിനീയറുടെ പരാതിയിൽ പി 305 ബാർജിെൻറ ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ പൊലീസ് കേസെടുത്തു. മരണസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അപകടസ്ഥലത്ത് തുടർന്നതിന് 304 (II) പ്രകാരമാണ് കേസ്. ദുരന്തത്തിൽ കാണാതായവരിൽ രാകേഷ് ബല്ലവുമുണ്ട്.
മുന്നറിയിപ്പ് ക്യാപ്റ്റൻ അവഗണിച്ചതിനാലാണ് 51 പേരുടെ മരണത്തിന് വഴിവെച്ച ദുരന്തമുണ്ടായതെന്ന് ഡി.സി.പി എസ്. ചൈതന്യ പറഞ്ഞു. മരിച്ചവരുടെയും കാണാതായവരുടേയും കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷവും ഒ.എൻ.ജി.സി സഹായധനം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.