ബി.ജെ.പി മന്ത്രിമാരെ അധിക്ഷേപിച്ച് മുതിർന്ന ബി.ജെ.പി നേതാവ്; ഇതിന്റെ പേരിൽ നടപടിയെടുത്താൽ പാർട്ടി വിവരമറിയുമെന്ന് മഠാധിപതി

ബെംഗളൂരു: ബി.ജെ.പിയിലെ മുതിർന്ന നേതാവ് കർണാടകയിലെ മന്ത്രിമാ​ർക്കെതിരെ നടത്തിയ മോശം പരാമർശം പാർട്ടിക്ക് തലവേദനയാകുന്നു. മന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ മുരുഗേഷ് നിറാനി, സി.സി. പാട്ടീൽ എന്നിവർക്കെതിരേയാണ് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്‌നൽ എം.എൽ.എ മ്ലേച്ഛമായ പരാമർശം നടത്തിയത്.

ഇതിനുപിന്നാലെ കേന്ദ്രനേതൃത്വം ബസനഗൗഡക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. എന്നാൽ, ഇദ്ദേഹത്തിനെതിരെ പാർട്ടി നടപടിയെടുത്താൽ വിവരമറിയുമെന്ന മുന്നറിയിപ്പുമായി കുടലസംഗമ പീഠം മഠാധിപതി ബസവ ജയ മൃത്യുഞ്ജയ സ്വാമി രംഗത്തെത്തി​യത് ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്.

കുറച്ചു ദിവസം മുമ്പാണ് യത്‌നൽ മുരുഗേഷ് നിറാനിക്കും സി.സി. പാട്ടീലിനുമെതിരേ പൊതുവേദിയിൽ മോശം പരാമർശം നടത്തിയത്. കൂട്ടിക്കൊടുപ്പുകാരൻ എന്നർത്ഥം വരുന്ന പിമ്പുകൾ എന്നാണ് മന്ത്രിമാരെ ആക്ഷേപിച്ചത്. ഇതിനെതിരേ ഇരുവരും നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മുതിർന്ന നേതാക്കളായ അവിനാശ് റായ് ഖന്ന, ഓം പഥക് എന്നിവരടങ്ങിയ കേന്ദ്ര അച്ചടക്ക സമിതിയാണ് ബസനഗൗഡക്ക് നോട്ടീസയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം.

അതേസമയം, പഞ്ചമശാലി സമുദായാംഗമായ ബസനഗൗഡ യത്നാലിനെ ബി.ജെ.പി ശിക്ഷിച്ചാൽ സമുദായം ഒന്നടങ്കം അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുമെന്നും പാർട്ടി പ്രത്യാഘാതം നേരിടേണ്ടി നേരിടേണ്ടിവരുമെന്നുമാണ് പീഠം മഠാധിപതി ബസവ ജയ മൃത്യുഞ്ജയ സ്വാമിയുടെ മുന്നറിയിപ്പ്. സമുദായത്തിന് 2എ കാറ്റഗറി സംവരണം ആവശ്യപ്പെട്ട് പഞ്ചമശാലി ലിംഗായത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നവരാണ് ബസനഗൗഡ പാട്ടീൽ യത്‌നാലും മൃത്യുഞ്ജയ സ്വാമിയും.

കാരണംകാണിക്കൽ നോട്ടീസ് നൽകിയെന്ന വാർത്ത സ്വാമി നിഷേധിച്ചു.

“നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത പ്രവർത്തകർക്ക് യത്നാലിനെ നന്നായി അറിയാം. അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടിക്ക് എതിരല്ലാത്തതിനാൽ പാർട്ടി അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടില്ല. രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്പോരാണത്. അത് പാർട്ടിയുടെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നില്ല. നോട്ടീസ് നൽകിയെന്ന് ചില നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലൊരു നടപടിയുണ്ടായാൽ സമുദായം യത്‌നാലിനൊപ്പം നിൽക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു” -സ്വാമി പറഞ്ഞു.

മുമ്പും പാർട്ടിക്കെതിരെ പ്രസ്താവനകൾ നടത്തിയ ആളാണ് ബസനഗൗഡ പാട്ടീൽ. 2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി ഡൽഹിയിൽ നിന്നെത്തിയ ചിലർ തന്നെ സമീപിച്ചെന്ന് ഇയാൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബെലഗാവി ജില്ലയിലെ രാംദുർഗിൽ നടന്ന റാലിയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

‘ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഒക്കെ അടുപ്പമുണ്ടെന്ന് പറഞ്ഞ് ഡൽഹിയിൽ നിന്നും ചിലർ വരും. അത്തരത്തിൽ ചിലർ എന്റടുക്കൽ വന്നു. 2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്നാണ് വാ​ഗ്ദാനം ചെയ്തത്. നദ്ദയെ കാണാൻ കൊണ്ടുപോകാമെന്നും അവർ പറഞ്ഞു. പക്ഷേ, ഞാനത് നിരസിച്ചു’ എന്നായിരുന്നു അന്ന് പറഞ്ഞത്.

Tags:    
News Summary - Basanagouda Patil Yatnal gets BJP notice after his jibe at ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.