ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ബി.സി ഡോക്യുമെന്‍ററി. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബ്രിട്ടീഷ് രഹസ്യരേഖകൾ പുറത്തുവിട്ടുകൊണ്ടാണ് ഡോക്യുമെന്‍ററി ഈ അവകാശവാദമുന്നയിക്കുന്നത്. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ബി.ബി.സി പുറത്തിറക്കിയത്. എന്നാൽ, മോദിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്‍ററിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഡോക്യുമെന്‍ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുൻവിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2002ലെ ഗുജറാത്ത് വംശഹത്യക്ക് നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്നാണ് യു.കെയിൽ പുറത്തിറക്കിയ ഡോക്യുമെന്‍ററിയിൽ പറയുന്നത്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്ന് ബി.ബി.സി ഡോക്യുമെന്‍ററിയിൽ അവകാശപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്‍ലിംകളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതിയുടെ പുറത്ത് അരങ്ങേറിയതാണ് ഗുജറാത്ത് വംശഹത്യയെന്ന് ഡോക്യുമെന്‍ററി പറയുന്നു.
ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും വിശദമായ റിപ്പോർട്ട് ഇവർ സമർപ്പിച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്‍ററിയിൽ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കാൾ ഭീകരമായ അക്രമമാണ് ഗുജറാത്തിൽ നടന്നത്. മുസ്ലിം സ്ത്രീകൾ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. ഹിന്ദു മേഖലകളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നും ഡോക്യുമെന്‍ററി പറയുന്നു. കലാപത്തിൽ വി.എച്ച്.പിക്ക് വലിയ പങ്കുണ്ടെന്നും സംസ്ഥാന സർക്കാർ ഉണ്ടാക്കിയെടുത്ത, ശിക്ഷിക്കപ്പെടില്ലെന്ന ധാരണ കൂടാതെ വി.എച്ച്.പിക്ക് ഇത്രയേറെ ചെയ്യാനാവില്ലെന്നും ഡോക്യുമെന്‍ററി പറയുന്നു. പൊലീസിനെ പിൻവലിക്കുന്നതിലും തീവ്ര ഹിന്ദുത്വ വാദികളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രിയായിരുന്ന മോദി വളരെ സജീവമായ പങ്ക് വഹിച്ചുവെന്നും ഡോക്യുമെന്‍ററി ആരോപിക്കുന്നു.
അതേസമയം, ഇന്ത്യയിൽ പ്രദർശിപ്പിക്കാത്ത ഈ ഡോക്യുമെന്‍ററി വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണിത്. മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും വ്യക്തമായി കാണാം. ഈയൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജൻസികളുടെയും താൽപര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്‍ററി. ഇതിന്‍റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല -വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഭാഗങ്ങളുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി സീരീസിലെ രണ്ടാം ഭാഗം ജനുവരി 24ന് സംപ്രേഷണം ചെയ്യുമെന്ന് ബി.ബി.സി അറിയിച്ചിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അന്നത്തെ ബി.ജെ.പി സംസ്ഥാന സർക്കാറിലെ ഉന്നതർക്കെതിരെ അന്വേഷണം വേണ്ടെന്ന് 2022 ജൂണിൽ സുപ്രീംകോടതി വിധിച്ചിരുന്നു. മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻ ചിറ്റ് നൽകി 2012ലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച മൂന്നംഗ ബെഞ്ച് ഇനി ഒരു പുനരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.