‘ബി.ബി.സി റെയ്ഡ് പരിതാപകരമായ സെല്‍ഫ് ഗോൾ, തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂ’; പരിഹസിച്ച് ശശി തരൂർ

ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ബി.ബി.സി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഈ റെയ്ഡിനെ കാണൂവെന്നും പരിതാപകരമായ സെല്‍ഫ് ഗോളാണ് ഇതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

"ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. എന്നാൽ, 20 ഇന്‍കം ടാക്സ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലും സ്റ്റുഡിയോകളിലും നടത്തുന്ന റെയ്ഡ് പരിതാപകരമായ സെൽഫ് ഗോളാണ്. ബി.ബി.സി ഡോക്യുമെന്‍ററിയോടുള്ള പ്രതികാരമായും മാധ്യമസ്വാതന്ത്ര്യം ഞെരുക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കമായും ലോകം ഇതിനെ കാണും"- തരൂര്‍ ട്വിറ്ററിൽ കുറിച്ചു.

ചൊവ്വാഴ്ച രാവിലെ 11.30നാണ് ബി.ബി.സി ഓഫിസുകളിൽ പരിശോധന തുടങ്ങിയത്. രാത്രിയിലും പരിശോധന തുടർന്നു. വരവുചെലവ്, ബാക്കിപത്ര കണക്കുകൾക്ക് പുറമെ, എല്ലാ ജീവനക്കാരുടെയും കമ്പ്യൂട്ടറുകൾ പരിശോധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പരിശോധനകൾക്കുശേഷം തിരിച്ചുനൽകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഓഫിസിന്‍റെ പ്രവർത്തനം മണിക്കൂറുകൾ തടസ്സപ്പെട്ടതിനൊടുവിലാണ് മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ അനുവദിച്ചത്. വർക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് പ്രതിദിന വാർത്താപരിപാടികൾ മുന്നോട്ടുനീക്കിയത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ബി.ബി.സി ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ നൽകാതെ നികുതി വെട്ടിപ്പിലൂടെ വഴിവിട്ട ലാഭമുണ്ടാക്കുന്നുവെന്ന സംശയം മുന്നോട്ടുവെച്ചാണ് ഡൽഹി, മുംബൈ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് പരിശോധന തുടരുന്നത്.

ധനമന്ത്രാലയത്തിലെ പ്രത്യക്ഷ നികുതി ബോർഡിനുകീഴിൽ വരുന്ന ആദായ നികുതി ഉദ്യോഗസ്ഥരാണ് ഡൽഹി ഹിന്ദുസ്ഥാൻ ടൈംസ് ഹൗസിന്‍റെ അഞ്ച്, ആറ് നിലകളിലായി പ്രവർത്തിക്കുന്ന ബി.ബി.സി ഓഫിസിൽ ഉച്ചക്കുമുമ്പ് എത്തിയത്. മുംബൈ സ്റ്റുഡിയോയിലും ഇതേ രീതിയിൽ ഒരേ സമയത്തായിരുന്നു പരിശോധന. ഇന്ത്യയിലെ പ്രവർത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നൽകേണ്ട നികുതി അടക്കാത്തതിന് പലതവണ നോട്ടീസ് നൽകിയിട്ടും ബി.ബി.സി അവഗണിച്ചെന്നാണ് ആദായനികുതി വൃത്തങ്ങൾ വിശദീകരിച്ചത്. നടന്നത് റെയ്ഡല്ല, കണക്കുകളുടെ സർവേ മാത്രമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു. അതുമായി പൂർണമായി സഹകരിച്ചുവെന്നും ഉദ്യോഗസ്ഥർ ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നൽകിയെന്നും ബി.ബി.സി ഡൽഹി ഓഫിസ് പറഞ്ഞു.

ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. അദാനിക്കെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രത്തിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ആദ്യം ബി.ബി.സിയുടെ ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണമില്ല. ഇപ്പോൾ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോ? എന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്നായിരുന്നു സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രതികരണം. തൃണമൂൽ എം.പി മഹുവ മൊയ്ത്രയും റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തി.

അതേസമയം, കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ പിന്തുണക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. അഴിമതി കോർപറേഷനാണ് ബി.ബി.സിയെന്നും അവര്‍ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - BBC Raid is a disgraceful own-goal -Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.