പരിശോധനയുമായി സഹകരിക്കണം; ചോദ്യങ്ങൾക്ക് മറുപടി നൽകണം -ജീവനക്കാരോട് ബി.ബി.സി

ന്യൂഡൽഹി: ബി.ബി.സിയുടെ മുംബൈ, ന്യൂഡൽഹി ഓഫിസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന 24 മണിക്കൂർ പിന്നിടുന്നു. ഇതിനിടെ പരിശോധനയുമായി സഹകരിക്കാൻ ജീവനക്കാർക്ക് ബി.ബി.സി നിർദേശം നൽകി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

വ്യക്തിപരമായ വരുമാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണെങ്കിൽ ആവശ്യമെങ്കിൽ അവഗണിക്കാം. മറ്റു വരുമാനക്കണക്കുകളിൽ വിശദീകരണം നൽകണം. ബ്രോഡ്കാസ്റ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർ മാത്രം തുടർന്നും ഓഫിസിൽ വന്നാൽ മതിയെന്നും മറ്റുള്ളവർക്ക് നിലവിലുള്ളതുപോലെ വർക് ഫ്രം ഹോം തുടരാമെന്നും ബി.ബി.സി അറിയിച്ചു.

ജീവനക്കാരിൽ ചിലർ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നെന്ന പേരിൽ ചില ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാറന്റ് കൂടാതെ പരിശോധനക്കെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തർക്കം. ഇതിനു പിന്നാലെയാണ് പരിശോധനയുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് ബി.ബി.സി ഇ-മെയിലയച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നാണ് ഓഫിസുകളിൽ പരിശോധന തുടങ്ങിയത്.

രാത്രിയിലും പരിശോധന തുടർന്നു. വരവുചെലവ്, ബാക്കിപത്ര കണക്കുകൾക്കു പുറമെ, എല്ലാ ജീവനക്കാരുടെയും കമ്പ്യൂട്ടറുകൾ പരിശോധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പരിശോധനകൾക്കുശേഷം തിരിച്ചുനൽകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഓഫിസിന്‍റെ പ്രവർത്തനം മണിക്കൂറുകൾ തടസ്സപ്പെട്ടതിനൊടുവിലാണ് മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ അനുവദിച്ചു. വർക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് പ്രതിദിന വാർത്താപരിപാടികൾ മുന്നോട്ടുനീക്കിയത്.

പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ബി.ബി.സി ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ നൽകാതെ നികുതി വെട്ടിപ്പിലൂടെ വഴിവിട്ട ലാഭമുണ്ടാക്കുന്നുവെന്ന സംശയം മുന്നോട്ടുവെച്ചാണ് ഡൽഹി, മുംബൈ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്.

Tags:    
News Summary - BBC says cooperating with I-T probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.