ചെന്നൈ: ശശികലയും കാവൽ മുഖ്യമന്ത്രി പന്നീർ ശെൽവവും തമ്മിൽ ഉടക്കിയതോടെ തമിഴ്നാട്ടിൽ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ ലോകം. ശശികലക്കെതിരെ ആഞ്ഞടിച്ച കാവൽ മുഖ്യമന്ത്രി പന്നീർസെൽവം എം.എൽ.എമാരെ തന്നോടൊപ്പം നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ശശികല എം.എൽ.എമാരെ രഹസ്യസങ്കേതത്തിലേക്ക് മാറ്റിയത്.
ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലാണ് ഇവരെ മാറ്റിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടല്‍ത്തീരം, മസാജിങ്ങ്, വാട്ടര്‍ സ്‌കീയിങ് എന്നീ സൗകര്യങ്ങളാണ് ഈ ഹോട്ടലുകളിൽ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.
എന്നാല്‍, എം.എൽ.എമാരിലൊരാളായ എസ്.പി ഷണ്‍മുഖാനന്ദന്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന ഹോട്ടലിൽ നിന്ന് മുങ്ങി പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പന്നീര്‍ശെല്‍വത്തിനൊപ്പം നിൽകുമെന്ന് ഭയന്ന് എം.എൽ.എമാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ടെലിഫോണോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും സൂചനയുണ്ട്. അതേസമയം കാലുമാറിയേക്കുമെന്ന് സംശയമുള്ള ചില എം.എൽ.എമാരെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
പാര്‍ട്ടിയിലെ 134 എം.എൽ.എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എം.എൽ.എമാര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എം.എൽ.എമാര്‍ കൂറുമാറുമെന്നാണ് പന്നീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ. മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, മുതിര്‍ന്ന് രാജ്യസഭാംഗം ഡോ. വി മൈത്രേയന്‍ എന്നിവരാണ് പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രമുഖര്‍.
അതേസമയം, ശശികല രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയ എം.എൽ.എമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. എം.എൽ.എമാർക്ക് സ്വതന്ത്ര തീരുമാനമെടുക്കാൻ അനുവദിക്കണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പിയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.