ന്യൂഡൽഹി: കശ്മീരിൽ യാചന കുറ്റകൃത്യമായി കാണുന്ന 1960ലെയും 1964ലെയും നിയമങ്ങൾ അസാധുവാ ക്കി ജമ്മു-കശ്മീർ ഹൈകോടതി. പാവപ്പെട്ടവരെ പൊതുവിടങ്ങളിൽനിന്ന് അകറ്റാനുള്ള ശ്ര മവും ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനവുമാണെന്ന് വിമർശിച്ചാണ് ചീഫ് ജസ് റ്റിസ് ഗീത മിത്തൽ അധ്യക്ഷനായ ബെഞ്ച് ഇരു നിയമങ്ങളും അസാധുവാക്കിയത്. ദാരിദ്ര്യവും അതുമൂലമുള്ള യാചനയും ആരുടെയും ഇഷ്ടപ്രകാരം ഉണ്ടാകുന്നതല്ലെന്നും സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം നേടിയവർക്കും തൊഴിലിൽ വൈദഗ്ധ്യം നേടിയവർക്കുപോലും പലപ്പോഴും തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല. ഉപജീവനത്തിന് അവസാന അത്താണിയെന്ന നിലക്കാണ് അവർ യാചനക്ക് മുതിരുന്നത്. യാചിക്കാൻ നിർബന്ധിതനായവരെ ജയിലിലിടുന്നത് നീതീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സാമൂഹികമായി രൂപപ്പെട്ട വലയിൽ വീണുപോയവരാണ് യാചിക്കേണ്ടിവരുന്നത്. കടുത്ത ദാരിദ്ര്യത്തിൽനിന്ന് സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റേണ്ട സർക്കാറുകളുടെ പരാജയത്തിന് തെളിവാണിതെന്നും കോടതി കുറ്റപ്പെടുത്തി. അഭിഭാഷകനായ സുഹൈൽ റാശിദ് ഭട്ട് ജൂൺ നാലിന് നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചായിരുന്നു കോടതി വിധി. ശ്രീനഗറിൽ യാചന നിരോധിച്ച് 2016ൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാനും സുഹൈൽ റാശിദ് ഭട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, യാചകർക്ക് ഉപജീവനത്തിന് ബദൽ വഴികൾ പരിശീലിപ്പിക്കാനും കുട്ടികളെയുൾപ്പെടെ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് നിയമമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് അലോസരമാണെന്ന വാദവും ബെഞ്ച് തള്ളി. നിയമം ഭരണഘടനയുടെ 14, 19, 21 വകുപ്പുകളുടെ ലംഘനമാണെന്ന് ജസ്റ്റിസ് രാജേഷ് ബിൻഡാൽകൂടി അംഗമായ ബെഞ്ച് ചൂണ്ടിക്കാട്ടി.
അസാധുവാക്കിയതോടെ നിയമപ്രകാരം നേരത്തേ സ്വീകരിച്ച നടപടികൾ അസാധുവാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഡൽഹിയിൽ യാചന നിയമവിരുദ്ധമാക്കുന്ന നിയമം അസാധുവാക്കിയ ഡൽഹി ഹൈകോടതി ബെഞ്ചിെൻറ അധ്യക്ഷനും ജസ്റ്റിസ് മിത്തലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.