ശ്രീനഗർ: ദലിതനായതിന്‍റെ പേരിൽ തന്നെ ജമ്മു കശ്മീർ ഭരണകൂടം ഉപദ്രവിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും മുതിർന്ന ഐ.എ.എസ് ഓഫിസർ. പ്രിൻസിപ്പൽ സെക്രട്ടറിയായ അശോക് പർമറാണ് ആരോപണം ഉന്നയിച്ചത്. ഒരു വർഷത്തിനിടെ അഞ്ചു തവണ സ്ഥലം മാറ്റിയ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗുജറാത്ത് സ്വദേശിയായ അശോക് 1992 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. ദേശീയ പട്ടികജാതി കമീഷന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. ജല ശക്തി വകുപ്പിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച തന്നെ ഭരണകൂടം വ്യാജ കേസുകളിൽ കുടുക്കുമെന്ന് ഭയമുള്ളതായും ഉദ്യോഗസ്ഥൻ പറയുന്നു.
രണ്ടു സുപ്രധാന യോഗങ്ങളിൽനിന്ന് ഇറക്കിവിട്ടു. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു അശോക് 2022 മാർച്ചിലാണ് സംസ്ഥാനത്ത് മടങ്ങിയെത്തുന്നത്. പിന്നീട് ജലസേചന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വകുപ്പിലെ വ്യാപക ക്രമക്കേടിൽ നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് സ്ഥലം മാറ്റമുണ്ടായതെന്ന് അശോക് പറയുന്നു.
ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.