കൊൽക്കത്ത: ബംഗാളിൽ മമത ബാനർജി അധികാരത്തുടർച്ച നേടിയതിന് പിന്നാലെ നേരത്തെ പാർട്ടി വിട്ട പ്രമുഖരുടെ തിരിച്ചൊഴുക്ക് തുടരുന്നു. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ ബി.ജെ.പി എം.എൽ.എയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്. ബഗ്ദ എം.എൽ.എ ബിശ്വജിത് ദാസ് ചൊവ്വാഴ്ച പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. മമതയുടെ വിജയ ശേഷം തൃണമൂലിലേക്ക് മടങ്ങിയെത്തുന്ന മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ബിശ്വജിത് ദാസ്. കഴിഞ്ഞ ദിവസം ബിഷ്നപൂർ എം.എൽ.എ തൻമയ് ഘോഷ് തൃണമൂലിൽ മടങ്ങിയെത്തിയിരുന്നു.
ജൂണിൽ ബി.ജെ.പി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രി മുകുൾ റോയിയായിരുന്നു ട്രെൻഡിന് തുടക്കമിട്ടത്. ബംഗാൾ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ മുകുൾ റോയിയുടെ വരവ് 2024ൽ നടക്കാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മമതക്ക് വലിയ കരുത്താകും.
2019 ജൂണിലാണ് ബിശ്വജിത് തൃണമൂൽ വിട്ട്് ബി.ജെ.പി ക്യാമ്പിലെത്തിയത്. ബോൻഗോൺ നോർത്ത് മണ്ഡലത്തിൽ നിന്ന് 2011, 2016 വർഷങ്ങളിൽ തൃണമൂൽ ടിക്കറ്റിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
'ബി.ജെ.പിയിൽ ഞാൻ ഒരിക്കലും സ്വസ്ഥനായിരുന്നില്ല. ടി.എം.സിയിലേക്ക് മടങ്ങാൻ ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു. ബംഗാളിനായി ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല' -പാർട്ടി ജനറൽ സെക്രട്ടറി പാർഥ ചാറ്റർജിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച തൃണമൂലിൽ ചേർന്ന ശേഷം ദാസ് പറഞ്ഞു.
213 സീറ്റുകൾ നേടിയായിരുന്നു ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബംഗാളിൽ മൂന്നാമതും അധികാരത്തിലേറിയത്. ബി.ജെ.പി 77 സീറ്റുകൾ നേടി. എന്നാൽ ലോക്സഭാംഗത്വം നിലനിർത്താനായി രണ്ടുപേർ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 75 ആയി ചുരുങ്ങിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നത്. കൂടുതൽ ബി.ജെ.പി എം.എൽ.എമാർ തൃണമൂലിലെത്തുമെന്ന് ദാസ് സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.