കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംഘർഷങ്ങളെ തുടർന്ന് റീപോളിങ് നിശ്ചയിച്ച ബൂത്തുകളിൽ വോട്ടെടുപ്പ് സമാധാനപരം. 19 ജില്ലകളിലായി 696 ബൂത്തുകളിലാണ് തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടന്നത്. വലിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എല്ലാ ബൂത്തുകളിലും സംസ്ഥാന പൊലീസിനു പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. ബാലറ്റ് പെട്ടികൾ എത്താൻ വൈകിയ അപൂർവം ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി. മാൾഡ ജില്ലയിലെ റാണിഗഞ്ച് പഞ്ചായത്തിലെ ഒരു ബൂത്തിൽ ജനം റോഡ് ഉപരോധിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് നടന്നില്ല. റോഡ് നന്നാക്കാത്തതിനെതിരെ ശനിയാഴ്ച റോഡ് തടസ്സപ്പെടുത്തിയവർ തിങ്കളാഴ്ചയും ഉപരോധം തുടരുകയായിരുന്നു. തിങ്കളാഴ്ച 69.08 ശതമാനമാണ് പോളിങ്.
അതേ സമയം, വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട 6,000 ബൂത്തുകളുടെ പട്ടികയാണ് ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 18,000 ബൂത്തുകളിൽ വോട്ടിങ്ങിൽ തിരിമറി നടന്നതായും വ്യക്തമായ വിഡിയോ തെളിവുകൾ സഹിതം പരാതി കൽക്കത്ത ഹൈകോടതിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വസ്തുതാന്വേഷണ സംഘത്തെ അയക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മുംബൈ പൊലീസ് മുൻ കമീഷണർ സത്യപാൽ സിങ്, രാജ്ദീപ് റോയ്, പാർട്ടി വൈസ് പ്രസിഡന്റ് രേഖ വർമ എന്നിവരാകും അംഗങ്ങൾ. റിപ്പോർട്ട് തയാറാക്കി പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് നൽകും. എന്നാൽ, പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ അക്രമം നടത്തിയതെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ആരോപിച്ചു. പ്രതിപക്ഷം സംഘടിപ്പിച്ച ആക്രമണങ്ങളുടെ ഏറ്റവും വലിയ ഇര തങ്ങളാണെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രസേനകൾ സമയത്തെത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റീപോളിങ് ഏറ്റവും കൂടുതൽ നടന്നത് മുർഷിദാബാദ് ജില്ലയിലാണ്- 175 ബൂത്തുകൾ.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിൽ ആക്രമണത്തിനിരയായവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരവും സംഭവത്തിൽ അന്വേഷണവും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് അനുമതി നൽകി. അതിനിടെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ വിവിധ അക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കൽക്കത്ത ഹൈകോടതി ബി.എസ്.എഫ് ഐ.ജിയെ നോഡൽ ഓഫിസറായി നിയമിച്ചു. ആക്രമണങ്ങളിൽ മരിച്ചവരെ സംസ്കരിക്കാൻ ബന്ധുക്കൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാറിന് നിർദേശവും നൽകി.
പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തിങ്കളാഴ്ച പ്രസിഡന്റ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ച് സംസ്ഥാനത്തെ കാര്യങ്ങൾ ധരിപ്പിച്ചു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടും വിഷയങ്ങൾ സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.